കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരായി കൂടുതല്‍ നേതാക്കള്‍
നേതാക്കളെല്ലാം വിമാനത്താവളം വഴി യാത്ര ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്ക് യാത്രക്കായി ഇനിയും ഡിസംബര്‍ ഒമ്പത് വരെ കാത്തിരിക്കണം.
ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരായി കൂടുതല്‍ നേതാക്കളെത്തി. കഴിഞ്ഞ ദിവസം വിമാനമിറങ്ങിയ അമിത് ഷാക്ക് ശേഷം രണ്ടാമത്തെ യാത്രക്കാരിയായി മന്ത്രി കെ.കെ ശൈലജ എത്തി.
പിന്നാലെ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വിമാനമിറങ്ങി. നേതാക്കള്‍ ഫയര്‍ ഗേറ്റിലൂടെ പുറത്തേക്ക് പോയതോടെ സ്വീകരിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് ടെര്‍മിനല്‍ ഗേറ്റിലേക്ക് തിരിച്ചുവന്ന് ഗഡ്കരി സ്വീകരണം ഏറ്റുവാങ്ങി.
വിമാനത്താവളത്തില്‍ ആദ്യമെത്തിയത് ബി.ജെ.പി നേതാക്കളായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ടെര്‍മിനല്‍ ഗേറ്റില്‍ സുരക്ഷാസേന നേതാക്കളെ തടഞ്ഞു. തൊട്ട് പിന്നാലെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സി.പി.എം നേതാക്കളും വിമാനത്താവളത്തിലെത്തി. എന്നാല്‍ കൊച്ചിയിലെ പരിപാടി വൈകിയതോടെ മുഖ്യമന്ത്രി എത്തേണ്ടുന്ന വിമാനത്തില്‍ വന്നിറങ്ങിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
നാല് മണിയോടെ എത്തിയ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും പക്ഷെ പുറത്തിറങ്ങിയത് ടെര്‍മിനല്‍ ഗേറ്റ് ഒഴിവാക്കി ഫയര്‍ ഗേറ്റിലൂടെയായിരുന്നു. പുറത്ത് കാത്ത് നിന്ന പ്രാദേശിക നേതാക്കളോട് കുശലം പറഞ്ഞ് മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്തേക്ക്. ഇതിനിടെ ടെര്‍മിനല്‍ ഗേറ്റില്‍ കാത്ത് നിന്ന ബി.ജെ.പി നേതാക്കള്‍ പ്രതിഷേധമറിയിച്ചതോടെ നിതിന്‍ ഗഡ്കരി ടെര്‍മിനല്‍ ഗേറ്റിലേക്ക് തിരികെയെത്തി. ഇവിടെ പ്രവര്‍ത്തകരുടെ ചെറിയ സ്വീകരണം. ഗഡ്കരി പോയതോടെ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം വിമാനത്താവള അധികൃതര്‍ക്കെതിരെയായി.
ഇതിനിടെ മന്ത്രി എം.എം മണിയും വിമാനത്താവളത്തില്‍ സന്ദര്‍ശകനായെത്തി. നേതാക്കളെല്ലാം വിമാനത്താവളം വഴി യാത്ര ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്ക് യാത്രക്കായി ഇനിയും ഡിസംബര്‍ ഒമ്പത് വരെ കാത്തിരിക്കണം.