സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്; ആചാരം തുടരുക മാത്രമാണന്ന് വിശദീകരണം
ക്ഷേത്രക്കുളത്തില്‍ ഇറങ്ങാനും സ്ത്രീകള്‍ക്ക് അവകാശമില്ല. ആര്‍ത്തവ കാലത്ത് ക്ഷേത്രത്തിന് മുന്നിലൂടെ വഴി നടക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂര്‍ കല്യാശ്ശേരിയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്. കീച്ചേരി പാലോട്ട് കാവിലാണ് വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് വിലക്കുളളത്. പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണന്നും എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാല്‍ അനുമതി നല്‍കുമെന്നും ക്ഷേത്രഭരണ സമിതി അറിയിച്ചു.
വിഷു മുതല്‍ ഏഴ് ദിവസം മാത്രം നിത്യ പൂജ നടക്കുന്ന ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് കീച്ചേരി പാലോട്ട് കാവ്. തീയ്യ സമുദായക്കാരുടെ അധീനതയിലായിരുന്നു ഒരു കാലത്ത് ഈ ക്ഷേത്രം. എന്നാല്‍ സി.പി.എം നിയന്ത്രണത്തിലുളള ക്ഷേത്ര സമിതിക്കാണ് നിലവില്‍ ക്ഷേത്രത്തിന്റെ ഭരണ ചുമതല. ഉത്സവ കാലത്ത് അടക്കം ക്ഷേത്രത്തില്‍ മതിലിന് പുറത്താണ് സ്ത്രീകള്‍ക്ക് സ്ഥാനം. ക്ഷേത്രക്കുളത്തില്‍ ഇറങ്ങാനും സ്ത്രീകള്‍ക്ക് അവകാശമില്ല. മാത്രവുമല്ല, ആര്‍ത്തവ കാലത്ത് ക്ഷേത്രത്തിന് മുന്നിലൂടെ വഴി നടക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
അസുര നിഗ്രഹം നടന്ന സ്ഥലമായതിനാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുളളില്‍ പ്രവേശനം നല്‍കാനാവില്ലന്നാണ് വിശ്വാസം. സി.പി.എം നിയന്ത്രണത്തിലുളള ഭരണ സമിതിയും ഈ വിശ്വാസം പഴയപടി തുടരുകയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം തുടരുക മാത്രമാണന്നാണ് ഭരണ സമിതിയുടെ വിശദീകരണം. എന്നാല്‍ ഏതെങ്കിലും സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറാന്‍ മുന്നോട്ട് വന്നാല്‍ അനുമതി നല്‍കുമെന്നും ക്ഷേത്ര സമിതി സെക്രട്ടറി പറഞ്ഞു.