ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പൊലീസ്

പ്രശ്നക്കാരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന ആളുകള്‍ക്കാണ് നോട്ടീസ് നല്‍‌കുക. സന്നിധാനത്ത് നിയമ വിരുദ്ധമായി കൂട്ടം കൂടരുത്,

Update: 2018-11-20 13:56 GMT
Advertising

ശബരിമലയിലെത്തുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിക്കുന്നവര്‍ 6 മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്തിയെങ്കിലും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ ഇന്നും വര്‍ധനയില്ല.

പ്രശ്നക്കാരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന ആളുകള്‍ക്കാണ് നോട്ടീസ് നല്‍‌കുക. സന്നിധാനത്ത് നിയമ വിരുദ്ധമായി കൂട്ടം കൂടരുത്, പ്രതിഷേധങ്ങളിലോ മാർച്ചിലോ പങ്കെടുക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നോട്ടീസിലുളളത്. നോട്ടീസ് ലഭിച്ചവര്‍ ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണം. നിർദേശം തെറ്റിച്ചാൽ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. പരമ്പരാഗത കാനന പാതകളിൽ പൊലീസ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്തിനായി നട തുറന്ന് നാല് ദിവസം പിന്നിടുമ്പോഴും തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവില്ല. നിയന്ത്രണങ്ങളിൽ പൊലീസ് ചെറിയ ഇളവുകൾ വരുത്തിയത് തീർത്ഥാടകർക്ക് ആശ്വാസമായി.

നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്‌.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നുണ്ട്. സന്നിധാനത്ത് തമ്പടിക്കാനായി ആളുകളെ എത്തിക്കാൻ സംഘപരിവാർ സംഘടനകളുടെ ശ്രമമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലയ്ക്കലിൽ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Tags:    

Similar News