ശബരിമലയിൽ പ്രതിഷേധക്കാരെയും യഥാർഥ ഭക്തരെയും എങ്ങനെയാണ് തിരിച്ചറിയുകയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്നും ആർക്കൊക്കെയാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്നും അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Update: 2018-11-21 05:57 GMT
Advertising

ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശം. പ്രതിഷേധക്കാരെയും യഥാർഥ ഭക്തരെയും എങ്ങനെയാണ് തിരിച്ചറിയുകയെന്ന് കോടതി ചോദിച്ചു. ആർക്കൊക്കെയാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്നും അറിയിക്കാൻ നിർദേശം. ഹർജി 1.45 ന് വീണ്ടും പരിഗണിക്കും. ഈ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ കോടതിക്ക് വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നുതന്നെ എ.ജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോനും ജസ്റ്റിസ് എന്‍ അനിൽ കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.

ശബരിമലയിലെ പോലീസ് വിന്യാസം, നിരോധനാജ്ഞ എന്നിവ ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഹൈകോടതിയുടെ പരാമര്‍ശമുണ്ടായത്. ശബരിമലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് ഹരജി സമര്‍പ്പിച്ചത്. നിരോധനാജ്ഞ ഉത്തരവ് ആർട്ടിക്കിൾ 25 ന്റെ ലംഘനമായതിനാൽ പിൻവലിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

ശബരിമലയിലെ പോലീസ് വിന്യാസം ചോദ്യം ചെയ്ത ഹർജിയും ഇന്നു കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ത്രിവേണി പാലത്തിനു മുകളിലേക്ക് പോലീസിനെ വിന്യസിപ്പിച്ചത് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നു. ക്രമസമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരമേ പോലീസ് വിന്യാസം പാടുള്ളൂ. ദേവസ്വം ബോർഡ് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പോലീസിനെ വിന്യസിപ്പിച്ചത് നിയമ വിരുദ്ധം എന്നാണ് ഹർജിയിൽ വാദിക്കുന്നത്.

ശബരിമലയിൽ ഭക്തർക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ഹർജിക്കാരൻ ഇടക്കാല അപേക്ഷയിലൂടെ കോടതിയെ അറിയിച്ചിരുന്നു. ആറു മണിക്കൂറിനുള്ളിൽ മല ഇറങ്ങണം എന്നു നിലയ്ക്കലിൽ പോലീസ് നോട്ടീസ് നൽകുകയാണെന്നും ഇടക്കാല അപേക്ഷയിൽ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Full View

ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യ നിർവഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ദേവസ്വം ബോർഡ്‌ ഹൈകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബോർഡ്‌ നിലപാട് അറിയിച്ചത്. ശബരിമലയിലെ സംഘർഷങ്ങളെ തുടർന്ന് മുംബൈയിൽ നിന്നുള്ള തീർഥാടകർ മടങ്ങിപോയ വിവരം ഹർജിക്കാരൻ ശ്രദ്ധയിൽ പെടുത്തി. മറ്റു ശബരിമല ഹരജികള്‍ക്കൊപ്പം പ്രയാറിന്റെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

Tags:    

Similar News