തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിച്ച് ദേവസ്വം ബോര്‍ഡ്
കെ.എസ്.ആര്‍.ടി.സി ബസുകൾ ഇടതടവില്ലാതെ പമ്പയിലേക്ക് സർവീസ് നടത്തുന്നതും നിലക്കൽ ബേസ് ക്യാമ്പിൽ നിന്നാണ്.
മണ്ഡല കാല പൂജകൾക്ക് എത്തുന്ന തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കുകയാണ് ദേവസ്വം ബോർഡ്. നിലക്കൽ ബേസ് ക്യാമ്പില്‍ നിർമ്മാണ പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്. കെ.എസ്.ആര്‍.ടി.സി ബസുകൾ ഇടതടവില്ലാതെ പമ്പയിലേക്ക് സർവീസ് നടത്തുന്നതും നിലക്കൽ ബേസ് ക്യാമ്പിൽ നിന്നാണ്.
മണ്ഡലകാല സീസൺ തുടങ്ങുന്ന സമയത്തുതന്നെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകളുടെ പേരിൽ സർക്കാർ ഏറെ പഴി കേട്ടിരുന്നു. ആവിശ്യത്തിന് ശുചിമുറികളോ വിരി വെയ്ക്കാനുള്ള പന്തലുകളോ നേരത്തെ സജ്ജമായിരുന്നില്ല. എന്നാൽ അടിയന്തരമായി ഇവയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വിരിവെക്കാനുള്ള നാലാമത്തെ പന്തലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഇതോടെ ഒരേസമയം എണ്ണായിരത്തിലേറെ പേർക്ക് വിരി വെക്കാനുള്ള സൗകര്യമൊരുങ്ങും. നേരത്തെ ഉണ്ടായിരുന്ന 500 ശുചിമുറികൾക്ക് പുറമെ 400 ലെറെ ശുചി മുറികളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് 25 ലക്ഷത്തിൽപരം ലിറ്റർ വെള്ളം സംഭരിച്ച് ശുചീകരിക്കാനുള്ള സംവിധാനവും തയാറാണ്. പതിനായിരത്തിന് മുകളിൽ വാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാൻ കഴിയും.
നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തുന്ന തീർത്ഥാടകർക്ക് പമ്പയിലേക്ക് പുറപ്പെടുന്നതിന് ഓരോ മിനിട്ടിലും കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാണ്. പൊലീസ് നിയന്ത്രണം ഏർപ്പുടുതുന്ന സമയത്ത് മാത്രമാണ് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിവെക്കുന്നത്. മണ്ഡല കാലത്തിന്റെ തുടക്ക സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മെല്ലെപ്പോക്കായിരുന്നെങ്കിലും വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് അധികൃതർ.