നിപ മരണത്തിലെ പുതിയ കണക്കുകള്‍ പ്രതിക്കൂട്ടിലാക്കുന്നത് ആരോഗ്യ വകുപ്പിനെ
ജീവനക്കാരിയടക്കം 5 പേര്‍ ഒരേ ലക്ഷണങ്ങളോടെ മരിച്ചിട്ടും ഇത് ഗൗരവത്തോടെ കാണാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല.
നിപ മരണം സംബന്ധിച്ച് പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പാണ് പ്രതിക്കൂട്ടിലാകുന്നത്. നിപ സ്ഥിരീകരിച്ച ആദ്യമരണം സംഭവിച്ച ദിവസം തന്നെയാണ് സമാനമായ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജ് ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 19ന് ഇവര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ രോഗകാരണം തിരിച്ചറിയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് കഴിഞ്ഞില്ല. ജീവനക്കാരിയടക്കം 5 പേര്‍ ഒരേ ലക്ഷണങ്ങളോടെ മരിച്ചിട്ടും ഇത് ഗൗരവത്തോടെ കാണാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല.
കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത് കോഴിക്കോട് പന്തിരിക്കര സ്വദേശി സ്വാലിഹിനാണ്. സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സ്വാലിഹിന് നിപ സംശയിച്ച ഡോക്ടര്‍ മെയ് 18ന് രക്ത സാന്പിള്‍ പരിശോധനക്ക് അയച്ചു. അന്ന് ഉച്ചയോടെ സ്വാലിഹ് മരിക്കുകയും ചെയ്തു.
സമാനമായ രോഗ ലക്ഷണങ്ങളോടെ മെയ് 18ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്‌ററ് അസിസ്റ്റന്റായ വി സുധയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. മെയ് 19 രാവിലെ തന്നെ സുധയും മരിച്ചു. എന്നാല്‍ സുധയുടെ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചില്ല. സ്വാലിഹിന്റെ സഹോദരനായ മരിച്ച സാബിത്തില്‍ നിന്നാകാം സുധക്ക് രോഗം ബാധിച്ചതെന്ന് കുടുംബവും പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലും പേരാമ്പ്ര, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രികളിലുമായി മറ്റ് 4 പേര്‍ കൂടി ഇതേ രോഗ ലക്ഷണങ്ങളോടെ ഈ ദിവസങ്ങളില്‍ മരിച്ചു. എന്നിട്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സ്വാലിഹിന്റെ മരണത്തോടെ മാത്രമാണ് നിപ വൈറസ് സ്ഥിരീകരിക്കാനായത്. സേവനത്തിനിടെ മരിച്ചിട്ടും തന്റെ ഭാര്യ പരിഗണിക്കപ്പെടാത്തതില്‍ വിനോദിന് വിഷമമുണ്ട്. മരിച്ച ഭാര്യയുടെ ജോലി തനിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് വിനോദ് കത്ത് നല്‍കിയിട്ടുണ്ട്.