അപ്പം, അരവണ വിതരണത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം

ശബരിമലയിലെ അപ്പം അരവണ വില്‍പന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണെന്നിരിക്കെ ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് വ്യാജ പ്രചരണം നടക്കുന്നത്.

Update: 2018-11-28 06:55 GMT
Advertising

പന്തളം കൊട്ടാരത്തിലെ അപ്പം, അരവണ വിതരണത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം. ശബരിമലയിലെ പ്രസാദത്തിന് പകരം പന്തളം കൊട്ടാരം വിതരണം ചെയ്യുന്ന അപ്പവും അരവണയും വാങ്ങണമെന്നും ഇത്തരത്തില്‍ സമാഹരിക്കുന്ന പണം യുവതി പ്രവേശ വിഷയത്തില്‍ നിയമ നടപടികള്‍ക്കായി ചെലവഴിക്കുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം.

ശബരിമലയിലെ അപ്പം അരവണ വില്‍പന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണെന്നിരിക്കെ ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പ് സന്ദേശങ്ങളിലും വ്യാജ പ്രചരണം നടക്കുന്നത്. യുവതി പ്രവേശ വിഷയത്തില്‍ പന്തളം കൊട്ടാരം നടത്തുന്ന നിയമ നടപടികള്‍ക്കായി പണം ചെലവഴിക്കുന്നതിനാല്‍ ശബരിമലയില്‍ നിന്ന് പ്രസാദം വാങ്ങുന്നത് ഒഴിവാക്കി പന്തളത്തെ പ്രസാദം വാങ്ങണമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രചരണത്തെക്കുറിച്ച് അറിയില്ലെന്നും തേവാരപ്പുരയില്‍ വര്‍ഷങ്ങളായി നടക്കുന്ന പ്രസാദ വിതരണം പുതിയ സംരംഭം എന്ന് ചിത്രീകരിക്കപ്പെടുകയായിരുന്നെന്നും കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം പറയുന്നു.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പവും അരവണയും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നില്ലെന്നും വ്യാജ പ്രചാരകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ വ്യക്തമാക്കി. അതേസമയം പന്തളത്തെ അപ്പം അരവണ വില്‍പന ഓരോ വര്‍ഷവും വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ മുന്‍ വര്‍ഷത്തെക്കാള്‍ വില്‍പന കുറവാണെന്നാണ് കൊട്ടാരം പ്രതിനിധികള്‍ പറയുന്നത്.

Full View
Tags:    

Similar News