വനിതാ മതിലില്‍ വിള്ളല്‍ പാടില്ലെന്ന് സി.പി.എം

തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ കീഴ്ഘടകങ്ങള്‍ ജാഗ്രത പാലിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം പ്രാദേശിക ഘടകങ്ങള്‍ ഉറപ്പുവരുത്തണം.

Update: 2018-12-22 16:31 GMT
Advertising

വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളെ തടയേണ്ടെന്ന് സിപിഎം. എന്നാല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കില്ല. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മാനിച്ചാണിത്. ന്യൂനപക്ഷവിഭാഗങ്ങളുടെ പങ്കാളിത്തം പ്രാദേശികഘടകങ്ങള്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു.

വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിശദ ചര്‍ച്ചയാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായത്. 18 വയസിന് താഴെയുള്ള കുട്ടികളെ വനിത മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളെ തടയേണ്ടെന്ന തീരുമാനമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായത്.

സ്വമേധയും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പവും വരുന്ന കുട്ടികളെ തടയേണ്ടതില്ല. എന്നാല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കില്ല. മതിലില്‍ വിള്ളല്‍ പാടില്ല. കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണം, ആരേയും മാറ്റി നിര്‍ത്തരുത്.

തെറ്റായ പ്രചരണങ്ങള്‍ക്കെതിരേ പ്രാദേശിക ഘടകങ്ങള്‍ ജാഗ്രത കാട്ടണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നണി വിപുലീകരണ ചര്‍ച്ചകളും നാളെ നടക്കും.

Tags:    

Similar News