തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള ഇടപെടല്‍; പ്രചാരണ മേല്‍നോട്ടത്തിനായി നാനാ പട്ടോളെ എത്തും
മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ മുകുള്‍ വാസ്നിക്കും നാളെ തിരുവനന്തപുരത്ത് എത്തും. മണ്ഡലത്തിലെ പ്രാദേശികതലങ്ങളിലെ പ്രവര്‍ത്തനങ്ങളും സജീവമായി തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള ഇടപെടല്‍. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രച്രാരണത്തിന്‍റെ മേല്‍നോട്ടത്തിനായി നിയോഗിച്ചു. മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ മുകുള്‍ വാസ്നിക്കും നാളെ തിരുവനന്തപുരത്ത് എത്തും. മണ്ഡലത്തിലെ പ്രാദേശികതലങ്ങളിലെ പ്രവര്‍ത്തനങ്ങളും സജീവമായി തുടങ്ങിയിട്ടുണ്ട്.
കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസിന്‍റെ ചെയര്‍മാനായ നാനാ പട്ടോളെ ആദ്യ ഘട്ട തെ രഞ്ഞെടുപ്പ് നടന്ന നാഗ്പൂരില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ വിറപ്പിക്കുന്ന മത്സരമാണ് കാഴ്ചവെച്ചത്. മുന്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ നാനാ പട്ടോളെക്ക് ആര്‍.എസ്.എസ് തന്ത്രങ്ങള്‍ക്ക് മറു തന്ത്രങ്ങള്‍ മെനയാന്‍ കഴിയുമെന്നതിനാലാണ് തിരുവനന്തപുരത്തെ പ്രചാരണങ്ങളുടെ ചുക്കാന്‍ ഏല്‍പിച്ചത്.
നാളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനൊപ്പം പട്ടോളെയും തിരുവനന്തപുരതെത്തും. രാവിലെ 10 ന് കെ.പി.സി.സി യില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പാര്‍ലമെന്‍റെറി മണ്ഡലത്തില്‍പ്പെട്ട എംഎല്‍എ-മാര്‍, കെ.പി.സി.സി ഭാരവാഹികള്‍ , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍ എന്നിവരോടും പങ്കെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവലോകന യോഗത്തിന് ശേഷം പഴുതടച്ച പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കും.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. നേതൃതല ഇടപെടല്‍ തുടങ്ങിയതോടെ മണ്ഡലത്തിലെ താഴെ തട്ടില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. പോരായ്മകളുയര്‍ന്ന തിരുവനന്തപുരം നേമം മണ്ഡലങ്ങളില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്.