തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് പ്രത്യേക യോഗം; മുകുള്‍ വാസ്നിക് പങ്കെടുക്കും
കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷനും കമ്മറ്റിയും ചേരും
തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷനും കമ്മറ്റിയും ചേരും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ നേതൃത്വത്തില്‍ രാവിലെ കെ.പി.സി.സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ പങ്കെടുക്കും. എം.എല്‍.എമാര്‍, കെ.പി.സി.സി മെമ്പര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ബോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഓരോ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. വീഴ്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശവും ഉണ്ടാവും. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഹൈകമാന്‍ഡ് നല്‍കിയ നാന പട്ടോളെയും അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തെത്തും. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച പട്ടോളെയുടെ തന്ത്രങ്ങള്‍ തിരുവനന്തപുരത്ത് തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കരുതുന്നത്.
മുകുള്‍ വാസ്നികിന്റെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേരും. എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സാധ്യമാകുന്ന നേതാക്കളോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇന്ന് നടക്കുന്ന യോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം പുറമേ നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പരാതികള്‍ ഉയര്‍ന്ന മണ്ഡലങ്ങളില്‍ പുതിയ മേല്‍നോട്ടം ചുമതല നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കിലായെന്ന വിലയിരുത്തലിലാണ് നേതൃത്വം.