സ്വര്‍ണക്കടത്തുമായി ബന്ധമില്ല; സ്വപ്നയുടെ ശബ്ദരേഖ പുറത്ത്
താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല . മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് തെരയുന്ന സ്വപ്ന സുരേഷ്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല . മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്. ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.
ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്.
കോൺസൽ ജനറലിന്റെ അഡ്മിനിസ്ട്രേറ്റീവ് വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട് ഉന്നത ഉദ്യേഗസ്ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്. യു.എ.ഇ ജനറൽ പറയുന്ന ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്. ഉന്നത അധികാരികളെ ബന്ധപ്പെട്ടത് ജോലിയുടെ ഭാഗമായി മാത്രമാണ്. ആശയ വിനിമയം കോൺസുലേറ്റ് ജനറലിന്റെ നിർദേശം അനുസരിച്ച് മാത്രമാണ്, ശബ്ദ രേഖയില്‍ പറയുന്നു.