മഞ്ചേശ്വരത്ത് മിന്നുന്ന ജയം നേടും, ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ

Update: 2021-04-07 09:15 GMT
Advertising

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോൾ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല. യുഡിഎഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും. കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി അല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കുറ്റപ്പെടുത്തി.

മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലെയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബലനാണ്. അവരുടെ ഇടയില്‍ തന്നെ വിവാദ പുരുഷനാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും മ്ലാനതയും കാണാന്‍ സാധിച്ചു. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ സജീവമായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊന്ന് മഞ്ചേശ്വരത്ത് ഉണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫ് മീഡിയവണിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍റെ ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അഷ്റഫ് പറഞ്ഞു.

Tags:    

Similar News