കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റി? കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണം അറിയിക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റന്നാൾ ഹരജി വീണ്ടും പരിഗണിക്കും.
നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ എംഎല്‍എയുമാണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആ തിയ്യതി റദ്ദാക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. നിലവിലെ സഭയുടെ കാലാവധി അടുത്ത മാസമാണ് തീരുന്നത്. അതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ നിലവിലെ എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയൂ. ഇക്കാര്യമാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കാന്‍ പോകുന്നത്. ഇവരുടെ കാലാവധി അവസാനിക്കും മുന്‍പ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി. എന്നാല്‍ എന്ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.