കടൽക്കൊല കേസിൽ പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടൽക്കൊല കേസിൽ പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന അക്കൗണ്ടിൽ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി അറിയിച്ചു. കോടതിയായിരിക്കും ഇത് മരണപ്പെട്ടവരുടെ ബന്ധുകൾക്ക് വീതിച്ചു നൽകുക.
ലോകശ്രദ്ധ ആകർഷിച്ച സംഭവം നടന്നത് 2012 ഫെബ്രുവരി 15നാണ്. കേരളതീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ 20.5 നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എൻറിക ലെക്സിയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികർ വെടിയുതിർക്കുകയായിരുന്നു.
കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം. സംഭവത്തിൽ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിൻ വാലന്‍റൈൻ (44), തമിഴ്നാട് കുളച്ചൽ സ്വദേശി അജീഷ് പിങ്കു (22) എന്നീ രണ്ട് മീൻപിടുത്തക്കാർ കൊല്ലപ്പെട്ടു. തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലിൽനിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോണും മാസിമിലിയാനോ ലാത്തോറും പിടിയിലാവുകയായിരുന്നു.