മന്‍സൂര്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍
പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്.
പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. മൻസൂറിന്റെ സഹോദരൻ മുഹ്സിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി.
കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് രണ്ടുപോരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ രണ്ടു പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ശ്രീരാഗാണ് തന്നെ വാള്‍ ഉപയോഗിച്ച് വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പൊലീസിന് മൊഴി കൊടുത്തിരുന്നു. പതിനൊന്ന് പേരടങ്ങിയ പ്രതിപ്പട്ടികയാണ് മന്‍സൂര്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം തയ്യാറാക്കിയിരിക്കുന്നത്.
ഈ പതിനൊന്ന് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം. മൻസൂർ വധക്കേസിൽ പ്രതിപ്പട്ടികയിലേറെയും സി.പി.എം പ്രാദേശിക നേതാക്കളാണ്. എട്ടാംപ്രതി ശശി, കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും പത്താംപ്രതി ജാബിർ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമാണ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. അതേസമയം മൻസൂർ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്നാണ് കെ സുധാകരൻ പറയുന്നത്.