സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സി.പി.എം; നേമവും തൃത്താലയും ഉൾപ്പെടെ എൺപതോളം സീറ്റ് നേടുമെന്ന് വിലയിരുത്തൽ
മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ കുറച്ച് സീറ്റുകള്‍ ലഭിക്കുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്
എണ്‍പതോളം സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം വിലയിരുത്തല്‍. നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകള്‍ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ കുറച്ച് സീറ്റുകള്‍ ലഭിക്കുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍, ഒറ്റപ്പാലം തുടങ്ങി പല സിറ്റിംഗ് സീറ്റുകളും ഉറപ്പല്ലെന്നാണ് ജില്ലാ ഘടകങ്ങള്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സി.പി.എം വിലയിരുത്തല്‍. എന്നാല്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മറികടക്കാന്‍ യു.ഡി.എഫിന്‍റെ ചില സിറ്റിങ് സീറ്റുകള്‍ ലഭിക്കും. ശക്തമായ ത്രികോണമത്സരം നടന്ന നേമം പിടിച്ചെടുക്കാനാവുമെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റി സംസ്ഥാനനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വി.ശിവന്‍കുട്ടി അയ്യായിരം മുതല്‍ ഏഴായിരം വരെ വോട്ടുകള്‍ക്കു വിജയിക്കുമെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃത്താലയില്‍ മുവായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എം.ബി.രാജേഷിന് വിജയിക്കാനാകും. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വോട്ടുകളില്‍ വലിയ കുറവുണ്ടായാല്‍ വിജയം വി.ടി.ബല്‍റാമിനൊപ്പം നില്‍ക്കുമെന്നും കണക്കുകള്‍ പറയുന്നു. അഴീക്കോട് മണ്ഡലത്തില്‍ കെ.എം.ഷാജിയെ പരാജയപ്പെടുത്താന്‍ കെ.വി.സുമേഷിന് കഴിയും. വടക്കഞ്ചേരി അനില്‍ അക്കരയില്‍ നിന്നും സേവ്യര്‍ ചിറ്റിലപ്പള്ളി പിടിച്ചെടുക്കും. അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, കെ.എസ്.ശബരീനാഥിനെ അട്ടിമറിക്കും. പേരാവൂര്‍, അരൂര്‍, സുല്‍ത്താന്‍ ബത്തേരി, തുടങ്ങിയ മണ്ഡലങ്ങളും പിടിച്ചെടുക്കാനാവുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നു.
ഇരിക്കൂറില്‍ കടുത്ത മത്സരം നടന്നു. പരാജയപ്പെട്ടാലും കുറഞ്ഞ വോട്ടുകള്‍ക്കായിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ജോസ് കെ.മാണിയുടെ വരവിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ കോട്ടയവും പുതുപ്പള്ളിയും ഒഴികെയുള്ള മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോകുമെന്ന് പറയുമ്പോഴും മുസ്‍ലിം വോട്ടുകള്‍ യു.ഡി.എഫും എല്‍.ഡി.എഫിനുമായി വിഭജിച്ച് പോയോ എന്ന ആശങ്കയുണ്ട്.
ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും ട്വന്‍റി ട്വന്‍റി കുന്നത്തുനാട് സീറ്റ് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും സി.പി.എം വിലയിരുത്തുന്നു. കുന്നത്തുനാടില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം.എല്‍.എ മൂന്നാംസ്ഥാനത്തേക്ക് തള്ളിപ്പോകും. കളമശേരി പിടിച്ചെടുക്കാന്‍ പി.രാജീവിന് സാധിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.