മഹാരാജാസിൽ ഐഡി കാർഡ് നിർബന്ധമാക്കി; അഞ്ച് സെക്യൂരിറ്റി സ്റ്റാഫിനെ നൽകണമെന്ന് ആവശ്യം
മഹാരാജാസ് കോളേജിൽ ജനുവരി 24ആം തീയതി വിദ്യാർഥി സംഘടനകളുടെ മീറ്റിംഗ് നടക്കും
കൊച്ചി: മഹാരാജാസ് കോളേജിൽ 24ആം തിയതി വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗ്. മീറ്റിംഗിൽ ജില്ല കളക്ടർ കൂടി പങ്കെടുക്കും. കോളേജ് തുറക്കുന്ന കാര്യം അന്നത്തെ മീറ്റിംഗിൽ തീരുമാനിക്കും. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി കോളേജിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി.
ഐ ഡി കാർഡ് ഉപയോഗിക്കാത്തവരെ ഇനി കോളേജിൽ പ്രവേശിപ്പിക്കില്ല. അഞ്ച് സെക്യൂരിറ്റി സ്റ്റാഫിനെ നൽകണം എന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കോളേജ് യൂണിയൻ ചെയർമാനടക്കം 44 പേർക്കെതിരെയാണ് നിലവിൽ പോലിസ് അന്വേഷണം നടക്കുന്നത്. അഞ്ചംഗ അധ്യാപക കമ്മറ്റി കോളേജിൽ സംഭവിച്ച അക്രമസംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ ജില്ല നേതാക്കളെയും 24 ആം തിയതി നടക്കുന്ന മീറ്റിംഗിലേക്ക് ക്ഷണിക്കും.
തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലെ അതിക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെയായായിരുന്നു കേസെടുത്തിരുന്നത്. ഇതിൽ രണ്ട് എസ്എഫ്ഐ നേതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇതുവരെ പതിനഞ്ചോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.