നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 290 പേർ
തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലായി 290 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഈ മാസം എട്ടിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപമാകും.
ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്, 22 പേർ. ഏറ്റവും കുറവ് ആലത്തൂരിൽ, 8 പേർ. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദേശ പത്രികകളാണ് കമ്മീഷന് ലഭിച്ചത്. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. യു.ഡി.എഫ് സ്ഥനാർഥികളായിരുന്നു അവസാനദിനം പത്രിക നൽകിയവരിൽ ഏറെയും.
മലപ്പുറത്തും കൊല്ലത്തും കോട്ടയത്തും സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. പൊന്നാനിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്കാണ് അപരന്മാരുള്ളത്. കെ.എസ്.ഹംസയ്ക്ക് അപരൻമാരായി ഹംസ കടവണ്ടിയും ഹംസയുമാണ് പത്രിക സമർപ്പിച്ചത്. എം.പി അബ്ദുസമദ് സമദാനിക്ക് അപരനായുള്ളത് അബ്ദുസമദാണ്. കൊല്ലത്ത് യുഡിഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന് അപരൻ ചാത്തിനാംകുളം സ്വദേശി പ്രേമചന്ദ്രൻ നായരാണ്.
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാർ. ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ് എന്നിവരാണ് അപര സ്ഥാനാർഥികൾ. ഫ്രാൻസിസ് ഇ ജോർജ് തൃശൂർ ഒല്ലൂർ സ്വദേശിയാണ്. കോട്ടയം കുവപ്പള്ളി സ്വദേശിയാണ് രണ്ടാമത്തെ അപരൻ ഫ്രാൻസിസ് ജോർജ്. തോൽവി ഉറപ്പാക്കിയ ഇടതുപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.