'അവള്‍ പേടിച്ച് ഞെട്ടിയെഴുന്നേല്‍ക്കുമായിരുന്നു'.. പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് 8 വയസ്സുകാരിയുടെ മാതാപിതാക്കള്‍ സമരത്തില്‍
മൊബൈല്‍ മോഷണം ആരോപിച്ച് അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
തിരുവനന്തപുരം ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടു വയസുകാരിയുടെ കുടുംബം ഉപവാസ സമരം നടത്തുന്നു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസ സമരം. മൊബൈല്‍ മോഷണം ആരോപിച്ച് അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
"കഴിഞ്ഞ മാസം 27ആം തിയ്യതിയാണ് സംഭവം. ഞാനും എന്‍റെ മോളും കൂടി ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം കാണാന്‍ പോയതാ. തിരിച്ചുവരുന്നതിനിടെ മകള്‍ക്ക് വെള്ളം വാങ്ങിക്കൊടുക്കുമ്പോഴാണ് പിങ്ക് പൊലീസിന്‍റെ വാഹനം വന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ ഓഫീസര്‍ മൊബൈലെടുക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ മൊബൈലെടുത്തപ്പോള്‍ ഇതല്ല കാറില്‍ നിന്നെടുത്തത് എന്ന് എന്നോടു പറഞ്ഞു. നീ എടുത്ത് മകളുടെ കയ്യില്‍ കൊടുക്കുന്നത് ഞാന്‍ കണ്ടല്ലോ എന്നും പറഞ്ഞു. ഇങ്ങെടുക്കെടീ എന്നു പറഞ്ഞ് പൊലീസ് മകളോട് ദേഷ്യപ്പെട്ടു. ആളുകളെ വിളിച്ചുകൂട്ടി. തിരച്ചില്‍ നടത്തിയപ്പോള്‍ പൊലീസിന്‍റെ ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കിട്ടുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും അവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം"- കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.
"മകള്‍ക്ക് നല്ല പേടിയുണ്ടായിരുന്നു. രാത്രിയില്‍ ഞെട്ടിയെഴുന്നേല്‍ക്കുമായിരുന്നു. കൌണ്‍സിലിങ് കൊടുത്തു. മാനസികമായി അവള്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ട്"- കുട്ടിയുടെ അമ്മ പറഞ്ഞു.