കല്ലായിയിൽ ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി ജീവനക്കാരനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Update: 2024-07-20 12:36 GMT
Advertising

കോഴിക്കോട്: കെ.എസ്.ഇ.ബി കല്ലായി സെക്ഷൻ പരിധിയിലെ ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റുകയും റിങ് മെയിൻ യൂണിറ്റുകൾ (ആർ.എം.യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുവയൽ കല്ലേരി സായി കൃപയിൽ വി. രജീഷ് കുമാറിനെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കറുമായ വി. സുബൈർ ഇപ്പോൾ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് അർധരാത്രിയാണ് കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസ് വയർ മുറിച്ചും ആറ് ആർ.എം.യുകൾ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവർ ഇരുട്ടിലാക്കിയത്. ഇവർ ഫ്യൂസ് വയർ മുറിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ കരാറടിസ്ഥാനത്തിൽ വാഹന കോൺട്രാക്ടറായിരുന്ന രാജേഷിനെ കൃത്യനിർവഹണത്തിലെ ക്രമക്കേടുകളെ തുടർന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയർ മുറിച്ചുമാറ്റിയതായും ആർ.എം.യു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കെ.എസ്.ഇ.ബി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന നടത്തുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ സുബൈറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം (പി.ഡി.പി.പി ആക്ട്) ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബിക്കും ഉണ്ടായ നഷ്ടം ഇവരിൽനിന്ന് ഈടാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. പ്രതികൾക്കെതിരെ കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News