കോടിയേരി വിടവാങ്ങിയിട്ട് ഒരു വർഷം; സംസ്ഥാന വ്യാപക പരിപാടികളുമായി സിപിഎം

കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറിയുടെ നേതൃമികവായിരുന്നു വിവാദങ്ങൾ ഏറെയുണ്ടായിട്ടും ഒന്നാം പിണറായി സർക്കാരിന് അതിജീവന ശേഷി നൽകിയത്.

Update: 2023-10-01 01:07 GMT
A year since Kodiyeri passed away CPM with state wide programmes
AddThis Website Tools
Advertising

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. നയതന്ത്രജ്ഞതയും സൗമ്യതയും ഇടകലർന്ന കോടിയേരിയുടെ സാന്നിധ്യം സിപിഎമ്മിനും സർക്കാരിനും എത്രമേൽ അനിവാര്യമായിരുന്നുവെന്ന് ബോധ്യപ്പെട്ട ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. ഒന്നാം ചരമ വാർഷിക ദിനത്തിൽ സംസ്ഥാന വ്യാപകമായി നിരവധി പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറിയുടെ നേതൃമികവായിരുന്നു വിവാദങ്ങൾ ഏറെയുണ്ടായിട്ടും ഒന്നാം പിണറായി സർക്കാരിന് അതിജീവന ശേഷി നൽകിയത്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റത് മുതൽ ഭരണവും പാർട്ടിയും ഒരേ വഴിക്ക് സഞ്ചരിക്കാൻ രാസത്വരകമായി നിന്ന പാർട്ടി സെക്രട്ടറിയായിരുന്നു അദ്ദേഹം. ചിരിക്കുന്ന മുഖം ആയുധവും പ്രത്യയ ശാസ്ത്രവുമാക്കിയ നേതാവ്.

അനുരഞ്ജനമായിരുന്നു കോടിയേരിയുടെ രാഷട്രീയം. വ്യക്തിപരമായ പ്രതിസന്ധികളിലും സംഘടനാ കാര്യങ്ങളിൽ കാർക്കശ്യം പുലർത്തിയ നേതാവ്. ഒരുപക്ഷേ കോടിയേരിയുടെ അസാന്നിധ്യം പാർട്ടിക്കും സർക്കാരിനും മേലെ നിഴലിട്ട് നിൽക്കുന്നതും അതുകൊണ്ട് തന്നെയാകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സോളാർ കേസിലെ തിരിച്ചടി, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ അഴിമതി ആരോപണം, മുഖ്യ ഘടക കക്ഷിയായ സിപിഐയുടെ അതൃപ്തി തുടങ്ങി കോടിയേരിയുടെ സംഘടനാ മികവ് സർക്കാരിനും പാർട്ടിക്കും എത്രമേൽ അനിവാര്യമായിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ഘട്ടത്തിൽ കൂടിയാണ് ഒന്നാം ചരമ വാർഷികമെന്നത് യാദൃശ്ചികം.

ജന്മ നാടായ കണ്ണൂരിലടക്കം സംസ്ഥാന വ്യാപകമായി നിരവധി പരിപാടികളാണ് ഇന്ന് സിപിഎം സംഘടിപ്പിക്കുന്നത്. രാവിലെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തും. ഇവിടെ കോടിയേരിക്കായി നിർമിച്ച സ്മൃതി മണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനാച്ഛാദനം ചെയ്യും. വൈകിട്ട് തലശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News