കൊടകര കുഴൽപ്പണ കേസ്: വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ
തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്ന് ഇ.ഡി
കൊച്ചി: കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3.5 കോടി രൂപ കർണാടകത്തില്‍ നിന്ന് ബി.ജെ.പിക്കായി കേരളത്തില്‍ എത്തിയെന്നും, 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് പൊതുതാൽപര്യ ഹരജി.
തെരഞ്ഞെടുപ്പിൽ അനധികൃതമായെത്തിച്ച ഇത്തരം പണം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിന്റെ സാധുതയെ തന്നെ ഇല്ലാതാക്കും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യു.എ.പി.എ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാരിനോട് നിർദേശിക്കണം. ഇക്കാര്യത്തിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്ന് ഇ.ഡി വാദിച്ചു. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പൊതുതാൽപര്യഹരജി നിലനിൽക്കില്ലെന്നുമാണ് ഇ.ഡിയുടെനിലപാട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.