ആലുവയിൽ ആറു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയിരുന്നെന്ന് പ്രതിയുടെ മൊഴി
പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിക്ക് ജ്യൂസ് വാങ്ങി നൽകിയിരുന്നെന്ന് പ്രതിയുടെ മൊഴി. പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നും കുട്ടിയെ ഇയാൾ ആർക്കെങ്കിലും കൈമാറിയോ എന്ന് സംശയമുളളതായും പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ അസം സ്വദേശിയായ അസഫാക് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിച്ചു തുടങ്ങി. കുട്ടിക്ക് വേണ്ടിയുളള തിരച്ചിൽ തുടരുന്നു.
കുട്ടി എവിടെയാണെന്ന് സംബന്ധിച്ച് ഇയാൾ ആദ്യം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പൊലീസ് നൽകിയ വിവരം. ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ വ്യക്തമായ മറുപടിയും നല്‍കിയിരുന്നില്ല. രാവിലെ ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ ആറു വയസ്സുള്ള മകളെയാണ് ഇന്നലെ വൈകിട്ട് മൂന്നര മുതൽ കാണാതായത്. ഇവരുടെ വീടിൻ്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.