ഹക്കീം ഫൈസി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും; തീരുമാനം പാണക്കാട് നടന്ന ചർച്ചയെ തുടർന്ന്

ഹക്കീം ഫൈസി രാജിക്കത്ത് നൽകുമെന്ന് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു

Update: 2023-02-21 17:44 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: ഹക്കീം ഫൈസി ആദൃശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കും, തീരുമാനം പാണക്കാട് സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്. ചർച്ചയിൽ പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. രണ്ട് മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നാളെ ഹക്കീം ഫൈസി രാജിക്കത്ത് നൽകുമെന്ന് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.

വിവാദങ്ങൾ അവസാനിപ്പിക്കാൻ ഹക്കീം ഫൈസിയുടെ രാജിയിൽ കുറഞ്ഞതൊന്നും പോരെന്ന് സമസ്തയും ഉറച്ചുനിന്നതോടെയാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെട്ടതാണെന്നാണ് സൂചന. അതേസമയം രാജി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാൻ ഹക്കീം ഫൈസി തയ്യാറായില്ല.

സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം 'വാഫി' പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിലാണ് തങ്ങൾ പങ്കെടുത്തത്. നേതാക്കളും പ്രവർത്തകരും ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്ത യുവനേതൃത്വത്തിന്റെ നിർദേശം വന്നു മണിക്കൂറുകൾക്കു ശേഷമായിരുന്നു പരിപാടി

സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സുന്നി യുവജന സംഘം(എസ്.വൈ.എസ്), വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംസ്ഥാന നേതാക്കളുടെ സംയുക്ത യോഗമാണ് ഹക്കീം ഫൈസിയുമായി സഹകരിക്കരുതെന്ന് ഉത്തരവിറക്കിയത്. സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കുമായിരുന്നു യുവനേതാക്കളുടെ മുന്നറിയിപ്പ്.സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. ഹകീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News