രാഷ്ട്രീയപരമായി പിഷാരടിയോട് വിയോജിപ്പുണ്ട്, പക്ഷെ മക്കളുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിച്ചതില്‍ വിഷമം തോന്നി: സുബീഷ് സുധി

രമേഷ് പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടുവെന്ന തരത്തിലായിരുന്നു നടനെതിരെയുള്ള ട്രോളുകള്‍.

Update: 2021-05-07 10:41 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ പരാജയത്തിനു പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്‌ക്കെതിരെയുള്ള ട്രോളുകള്‍ പരിധി വിട്ടുപോകുകയാണെന്ന് നടന്‍ സുബീഷ് സുധി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് പിഷാരടി പ്രചരണത്തിനിറങ്ങിയ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തോറ്റുപോയെന്നും അതുകൊണ്ട് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിലെ വിനാശം വിതയ്ക്കുന്ന മാന്‍ഡ്രേക്ക് പ്രതിമ പോലെയാണ് പിഷാരടിയെന്നുമായിരുന്നു ട്രോളുകള്‍.

പിഷാരടിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെന്നും എന്നാല്‍ വ്യക്തിയെന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹമെന്നും സുബീഷ് സുധി പറയുന്നു. പിഷാരടിയുടെ മക്കളുടെ ഫോട്ടോ വരെ ട്രോളാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുബീഷ് സുധി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎംന്റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്. അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ, ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കൾ ജീവന് തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ!!

ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർ പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News