വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബൈയിലെത്തി; നാളെ കൊച്ചിയിലെത്തിക്കാന്‍ നീക്കം

കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു

Update: 2022-05-23 13:35 GMT
Advertising

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ഉടൻ കേരളത്തിലെത്തിക്കും. പ്രത്യേക യാത്രാ രേഖ നൽകി നാളെ വൈകുന്നേരം കൊച്ചിയിലെത്തിക്കാനാണ് പൊലീസ് നീക്കം. കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി.

വിജയ് ബാബു കേരളത്തിലെത്തിയിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. ഹരജിക്കാരന്‍ ഇന്ത്യയിലുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആദ്യം കേരളത്തിലെത്തണം. അതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു. അതിന് സമ്മതമാണെന്നും യാത്രാടിക്കറ്റ് കോടതിയില്‍ അടുത്ത ദിവസം ഹാജരാക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച പരിഗണിക്കാനായി ഹരജി മാറ്റിയത്.

കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ബിസിനസ് ടൂറിലാണെന്നും മെയ് 24ന് പാസ്പോർട്ട് ഓഫീസറുടെ മുന്നിൽ ഹാജരാകാമെന്നുമാണ് വിജയ് ബാബു നേരത്തെ അറിയിച്ചത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ആരോപിച്ചു. തന്‍റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് നടി പരാതി നൽകിയതെന്നും ആരോപിച്ചു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.

Full View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News