'കാശെണ്ണി കൊടുത്തിട്ടാണ്' എന്ന പരാമർശം വേദനിപ്പിച്ചു; സംവിധായകൻ ദീപു കരുണാകരനെതിരെ താര സംഘടനയിൽ പരാതി നടി അനശ്വര രാജൻ

പുതുമുഖവും പെൺകുട്ടിയുമായതിനാൽ പ്രതികരിക്കില്ല എന്ന ഉദ്ദേശത്തിലാവും സംവിധായകൻ തന്നെ കുറിച്ച് മാത്രം ഇത്തരം പരാമർശം നടത്തിയതെന്നും അനശ്വര രാജൻ പറഞ്ഞു

Update: 2025-03-04 15:10 GMT
Advertising

കൊച്ചി: 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്‌ലർ' എന്ന സിനിമയുമായി ബന്ധപ്പട്ട വിവാദങ്ങൾക്കതിരെ പ്രതികരിച്ച് നടി അനശ്വര രാജൻ. താൻ അഭിനയിച്ച സിനിമ പ്രൊമോട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും 'കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാൻ ഷൂട്ട്നു പോലും വന്നിട്ടുള്ളത്"എന്ന് അദ്ദേഹത്തിന്റെ പരാമർശം വേദനിപ്പിച്ചെന്നും അനശ്വര രാജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ക്യാരക്ടർ പോസ്റ്റർ, ട്രെയിലർ എന്നിവ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌തിട്ടുണ്ട്. ഒഫീഷ്യൽ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു. സിനിമയുടെ ഭാഗമായി ഞാൻ ഇൻറർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണെന്നും അനശ്വര പറഞ്ഞു. പുതുമുഖവും പെൺകുട്ടിയുമായതിനാൽ പ്രതികരിക്കില്ല എന്ന ഉദ്ദേശത്തിലാവും സംവിധായകൻ തന്നെ കുറിച്ച് മാത്രം ഇത്തരം പരാമർശം നടത്തിയതെന്നും അനശ്വര രാജൻ പറഞ്ഞു.

അതേസമയം, സംവിധായകൻ ദീപു കരുണാകരനെതിരെ താര സംഘടന അമ്മയിൽ നടി പരാതി നൽകി. ഇന്റർവ്യൂകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിച്ചാണ് പരാതി. സോഷ്യൽ മീഡിയയും യൂട്യൂബ് ചാനലുകളും വഴി അപകീർത്തിപ്പെടുത്തുന്ന ആളുകൾകളെയും നിയമപരമായി നേരിടുമെന്ന് അനശ്വര ഫേസ്ബുക്കിൽ കുറിച്ചു  

പോസ്റ്റിന്റെ പൂർണ രൂപം:

തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകൻ ശ്രീ ദീപു കരുണാകരൻ പല മാധ്യമങ്ങളിലും "ഞാൻ പ്രൊമോഷനു സഹകരിക്കില്ല" എന്ന് ഇന്റർവ്യൂകൾ നൽകി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച “ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്‌ലർ'” എന്ന ചിത്രം 2024 ഓഗസ്റ്റിൽ റിലീസ് പ്ലാൻ ചെയ്തതാണ്.

ആദ്യം തന്നെ,"കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാൻ ഷൂട്ട്നു പോലും വന്നിട്ടുള്ളത്"എന്ന് അദ്ദേഹത്തിന്റെ പരാമർശത്തെ കുറിച്ച് :- സിനിമയുടെ ഷൂട്ട് സമയത്ത് പേയ്മെന്റ് ഇഷ്യൂ വന്നപ്പോൾ "പ്രൊഡ്യൂസർ പേയ്മെന്റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമിൽ നിന്നും ഇറങ്ങേണ്ട" എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിർത്തിവെക്കേണ്ട ഒരു അവസ്ഥയിലും "ഷൂട്ട് തീരട്ടെ"എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ "കാശെണ്ണികൊടുത്തിട്ടാണ്" എന്ന അത്രയും മോശമായ പരാമർശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫെഷനലി എന്നതിനപ്പുറം ഇമോഷണലി ഏറെ വിഷമിപ്പിച്ചു.

ക്യാരക്ടർ പോസ്റ്റർ, ട്രൈലെർ എന്നിവ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.ഒഫീഷ്യൽ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു, എന്നാൽ എന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിനെ ഫാൻസ് ഹാൻഡിൽ ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടർത്തുകയും, പടത്തിലെ പ്രധാന അഭിനേതാവും, സംവിധായകനും "കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാൻ പ്രൊമോഷന് വരാൻ തയ്യാറായില്ല" എന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്നാൽ റിലീസ് തിയതിക്ക് തൊട്ട് മുൻപേ സിനിമയുടെ ഭാഗമായി ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്സ് ഞങ്ങൾക്ക് വന്നിട്ടില്ല. റിലീസിനു 2 ദിവസം മുൻപ് ഞങ്ങൾ അവരെ കോൺടാക്ട് ചെയ്തപ്പോൾ റിലീസ് മാറ്റി വച്ചു എന്നും, ചില പ്രശ്നങ്ങൾ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ നമുക്ക് അറിയാൻ കഴിഞ്ഞത്.അതിനു ശേഷം ഒരിക്കൽ പോലും ഈ ചിത്രം റിലീസ് ആകാൻ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ പൊടുന്നനെ ചാനലുകളിൽ പ്രത്യക്ഷപെട്ട് എന്നെയും, എന്റെ അമ്മ, മാനേജർ തുടങ്ങിയവരെ ആക്ഷേപിക്കുന്ന സ്റ്റെമെന്റ്സ് ആണ് ശ്രീ. ദീപു പറയുന്നത്.

എന്ന് റിലീസ് ആണെന്ന്, ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ, ഇതേ സിനിമക്ക് വേണ്ടി യാതൊരു വിധ പ്രൊമോഷൻ, ഇന്റർവ്യൂ കൊടുക്കാതെ ഈ അവസരത്തിൽ എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് സ്റ്റെമെന്റ്സ് എന്ന് ഞാൻ വിശ്വസിക്കുന്നു.

റിപ്പോർട്ടർ ചാനലിൽ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കൾ ഉണ്ടായിട്ടുണ്ട് എന്നും, എന്നാൽ ആ സംഭവങ്ങളും, പേരുകളും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല എന്നും, അത് സിനിമയെയും, വ്യക്തിപരമായും ഗുണം ചെയ്യില്ല, എന്നും പറഞ്ഞിരുന്നു, അങ്ങനെയിരിക്കെ എന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി, വ്യക്തിപരമായും, സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? അതോടൊപ്പം, അദ്ദേഹത്തിന്റെ ഷൂട്ട് സമയത്ത് പേയ്മെന്റ് കിട്ടാതെ ക്യാരവനിൽ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങൾ മറ്റ് അഭിനേതാക്കളിൽ നിന്നും, നടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടുണ്ട് . എന്നാൽ അവരുടെ പേരുകൾ ഒഴിവാക്കി കേവലം ഇൻസ്റ്റഗ്രാമിൽ മ്യൂസിക് പോസ്റ്റർ ഷെയർ ചെയ്തില്ല എന്ന് വിമർശിച്ച്, എന്റെ പേര് മാത്രം പരസ്യമായി പറയുകയും, മേല്പറഞ്ഞ അഭിനേതാക്കളുടെ പേരുകൾ പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ എന്റെ പേര് പറഞ്ഞതിലൂടെ ഞാൻ പ്രതികരിക്കില്ല എന്ന മനോഭാവമാവാം.

ഒരു സ്ത്രീ എന്ന വിക്‌ടിം കാർഡ് ഉപയോഗിക്കാൻ ഞാൻ ഇവിടെ താല്പര്യപെടുന്നില്ല. ഞാൻ അംഗമായ അമ്മ അസോസിയേഷനിൽ പരാതിക്കത്ത് ഇതിനകം നൽകിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ശ്രീ ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായ തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തി പെടുത്തി വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനൽ, വ്ലോഗേര്സ് എന്നിവർക്കെതിരെ നിയമപരമായ നീങ്ങുകയാണ്.

എനിക്ക് ചെയ്തു തീർക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്റ്സ് ഇരിക്കെ മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷനു എത്താൻ ഞാൻ തയ്യാറാണ്. ഈ വർഷം ഇറങ്ങിയ എന്റെ മൂന്നു സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളായി മറ്റു കമ്മിറ്റ്മെന്റുകൾ മാറ്റിവെച്ചു പ്രൊമോഷനു പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയിൽ, ഞാൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രൊമോഷനു പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാൻ.

നന്ദി

-അനശ്വര രാജൻ

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News