'നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം, വിടുതൽ വൈകിച്ചു'; കലക്ടര്‍ക്കെതിരെ മൊഴി നൽകി ADMന്‍റെ കുടുബം

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചുവെന്ന് മൊഴി

Update: 2024-10-19 05:53 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ കുടുംബത്തിന്റെ മൊഴി. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചുവെന്നുമാണ് കുടുംബത്തിന്റെ മൊഴി. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നുവെന്നും കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് കുടുംബാംഗങ്ങൾ മൊഴി നൽകി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ട‌തായാണ് വിവരം. നവീൻ ബാബുവിന്റെ ഭാര്യ, രണ്ടു മക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ കുടുംബം കക്ഷി ചേർന്നു. നവീന്റെ ഭാര്യ മഞ്ജുഷയാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയത്.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ പരിപാടിയിലേക്ക് താൻ ക്ഷണിച്ചാണ് വന്നതെന്ന പി.പി ദിവ്യയുടെ വാദം തള്ളി കലക്ടർ പ്രതികരിച്ചിരുന്നു. സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും താൻ സംഘാടകൻ അല്ലെന്നുമാണ് കലക്ടർ പറഞ്ഞത്. തനിക്കെതിരെ നൽകിയ ജീവനക്കാരുടെ മൊഴിയിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിവ്യ എഡിഎമ്മിനെതിരെ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യത്തിന് അത് അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണ് ഇപ്പോൾ പറയാനാവില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടി.

എന്നാല്‍ എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്ന് ജീവനക്കാരും മൊഴി നല്‍കിയിരുന്നു. ഇതേകുറിച്ച് നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നാണ് ജീവനക്കാര്‍ പൊലീസിന് മൊഴി നൽകിയത്. 

എഡിഎമ്മിന്‍റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ​ഗീത ഐഎഎസ് കണ്ണൂരിലെത്തി. കലക്ട്രേറ്റിലെത്തിയ ​ഗീത കലക്ടര്‍ അരുൺ കെ വിജയനെ കണ്ടു. മൊഴിയെടുക്കല്‍ നടപടി തുടരുകയാണ്. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News