കെഎസ്ഇബിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിക്കാൻ ജീവനക്കാരുമായുള്ള ചർച്ചയിൽ ധാരണ

നേരത്തെയുള്ള ഇടത്ത് പോസ്റ്റിങ് നൽകാനാവില്ലെന്ന് ബോർഡ്

Update: 2022-04-13 12:29 GMT
Advertising

ഏറെ സമരങ്ങൾക്ക് കാരണമായ കെഎസ്ഇബിയിലെ ജീവനക്കാരുടെ വിവാദ സസ്‌പെൻഷൻ പിൻവലിക്കാൻ ചർച്ചയിൽ ധാരണ. എന്നാൽ നേരത്തെയുള്ള ഇടത്ത് പോസ്റ്റിങ് നൽകാനാവില്ലെന്ന് ബോർഡ് അറിയിച്ചു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയനായിരുന്ന ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ സീതത്തോട് ഡിവിഷനിലേക്ക് അവരെ സ്ഥലം മാറ്റി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി സുരേഷ് കുമാർ, ബി. ഹരികുമാർ എന്നിവരുടെ സസ്‌പെൻഷൻ പിൻവലിക്കുന്നത് ബോർഡ് കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കർശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. എന്നാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജാസ്മിൻ ബാനു പറഞ്ഞു. കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് അവർ കുറ്റപ്പെടുത്തി.

ചർച്ചയിൽ തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞുവെന്നും ഒരു തീരുമാനവുമെടുത്തില്ലെന്നും എന്നാൽ സസ്പൻഷൻ നടപടി തെറ്റായിരുന്നുവെന്ന് ബോർഡ് മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുകയാണെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി സുരേഷ് കുമാർ പറഞ്ഞു. ഏകപക്ഷീയ സമീപനം തിരുത്താൻ മാനേജ്‌മെൻറ് തയാറാകണമെന്നും സസ്പൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോർഡ് ചെയർമാന്റെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ജാസ്മിൻ ബാനുവിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി എംഡി പങ്കെടുത്തില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. ഇനി പോസിറ്റീവായ തീരുമാനം ഉണ്ടായാൽ സമരം അവസാനിപ്പിക്കുമെന്നും ദുരൂഹമായ നടപടികളാണ് ബോർഡ് മാനേജ്‌മെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷനിലുള്ള കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികൾ ഇരുന്ന സീറ്റിലേക്ക് പുതിയ ആളുകളെ നിയമിച്ച് നേരത്തെ ഉത്തരവായിരുന്നു. എം.ജി. സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എൻജിനീയറിങ്ങിൽ പുതിയ ഇ.ഇ.യെയും ജാസ്മിൻ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണിൽ പുതിയ ഇ.ഇയെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച എ.ഇ.ഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷൻ നൽകിയിട്ടില്ല.

ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയർമാൻ ബി അശോക് സസ്പെന്റ് ചെയ്തിരുന്നത്. നേരത്തെ തന്നെ ചെയർമാനും കെഎസ്ഇബി ഓഫീസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടു ദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ തങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. 


Full View


Agreement to withdraw controversial suspension of KSEB employees.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News