'എഐ കാമറ പദ്ധതി സുതാര്യം, സ്ട്രിറ്റ് മുൻപരിചയമുള്ള കമ്പനി': ചെന്നിത്തലക്ക് മറുപടിയുമായി കെൽട്രോൺ എംഡി

"66 കോടി രൂപ മെയിന്റനൻസ് അടക്കമുള്ളതും 35 കോടി ജിഎസ്ടിയും ചേർത്താണ് 232 കോടി"

Update: 2023-04-23 11:23 GMT
Advertising

എഐ ക്യാമറ പദ്ധതി സുതാര്യമെന്ന് കെൽട്രോൺ. മുൻപരിചയമുള്ള കമ്പനി തന്നെയാണ് srit എന്നും കെൽട്രോൺ 232 കോടിയായി പദ്ധതി തുക ഉയർത്തി എന്നത് തെറ്റിദ്ധാരണയാണെന്നും കെൽട്രോൺ എംഡി എൻ.നാരായണമൂർത്തി പറഞ്ഞു.

"കെൽട്രോണിന്റെ ശക്തി പല മേഖലകളിലാണ്. ഇതിൽ ട്രാഫിക് മാനേജ്‌മെന്റ് നാല്പ്പത് വർഷമായിട്ടുള്ള മേഖലയാണ്. കെൽട്രോണും എംവിഡിയും 2018ലാണ് ചർച്ച നടത്തിയത്. പ്രൊപ്പോസൽ നൽകിയപ്പോൾ 6000 ക്യാമറകൾ സ്ഥാപിക്കണമെന്ന് പറഞ്ഞു. ഇതേത്തുടർന്ന് 2019ൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും 2020ൽ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. കെൽട്രോൺ കൺസൾട്ടന്റായി പ്രവർത്തിക്കണമെന്നാണ് പറഞ്ഞത്.

Full View

2020ൽ തന്നെ ഗതാഗത കമ്മിഷണറുമായി കരാർ ഒപ്പുവച്ചു. ഈ ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ വിളിച്ചത്. srit ആണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. 121 കോടി. ആകെ തുക ടാക്‌സ് അടക്കം 235 കോടി എന്ന് 2020ൽ തന്നെ കരാർ ഒപ്പിട്ടു. കെൽട്രോൺ ആറ് കോടി ചെലവാക്കി 232 കോടിയായി പദ്ധതി തുക ഉയർത്തിയെന്നത് തെറ്റിദ്ധാരണയാണ്. 66 കോടി രൂപ മെയിന്റനൻസ് അടക്കമുള്ളതും 35 കോടി ജിഎസ്ടിയും ചേർത്താണ് 232 കോടി.

ഒരു ക്യാമറയ്ക്ക് 33 ലക്ഷം എന്ന പ്രചരണവും ശരിയല്ല. എ.ഐ എന്നാൽ ക്യാമറ മാത്രമല്ല, ഒരു സംവിധാനമാണ്. ലോകോത്തരനിലവാരമുള്ള എഐ സാങ്കേതിക വിദ്യ തന്നെയാണ് സ്ഥാപിച്ചത്. അതിൽ ആർക്കും സംശയം വേണ്ട. 9.5 ലക്ഷം രൂപയാണ് ഒരു ക്യാമറ സംവിധാനത്തിന്റെ വില. സർക്കാർ ഇതുവരെ തുക മുടക്കിയിട്ടില്ല. sritയാണ് തുക ചെലവാക്കിയത്. sritയുടെ സാങ്കേതിക മികവ് നെറ്റ് വർക്കിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ആണ്. srtiക്ക് പ്രത്യേക കഴിവ് വേണമെന്നില്ല. മുൻപരിചയമുള്ള കമ്പനി തന്നെയാണ് srit. srit ഉപകരാർ കൊടുക്കുന്നത് കെൽട്രോൺ അറിയണമെന്നില്ല. ഓരോ ക്വാർട്ടറിലും കെൽട്രോൺ ബില്ല് സമർപ്പിക്കുമ്പോൾ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിക്കും എന്നാണ് കരാർ. മുൻ എം.വി.ഡിയുടെ ആവശ്യങ്ങൾ അനുസരിച്ചാണ് ക്യാമറയുടെ നിർമാണം. 95 ശതമാനം പ്രവർത്തനക്ഷമത ക്യാമറകൾക്കുണ്ട്". നാരായണമൂർത്തി പറഞ്ഞു.

Full View

നേരത്തേ എഐ കാമറ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് നാരായണമൂർത്തി പദ്ധതി വിശദീകരിച്ചത്. 75 കോടിയുടെ എ.ഐ ക്യാമറ പദ്ധതി എങ്ങനെ 232 കോടിയിലെത്തി എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News