'എ.ഐ കാമറ അഴിമതി രണ്ടാം ലാവ്‍ലിന്‍; കാമറ നിർമാതാക്കളല്ലാത്ത എസ്.ആർ.ഐ.ടിക്ക് എങ്ങനെ കരാർ നൽകി?'- ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മുഖ്യമന്ത്രി മഹാമൗനത്തിൻ്റെ മാളത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു
എ.ഐ കാമറ വിവാദത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷം. രണ്ടാം എസ്.എൻ സി ലാവ്ലിനാണ് എ.ഐ കാമറാ വിഷയമെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ അഴിമതിയുടേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മുഖ്യമന്ത്രി മഹാ മൗനത്തിൻ്റെ മാളത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കാമറ നിർമാതാക്കളല്ലാത്ത എസ്.ആർ.ഐ.ടിക്ക് എങ്ങനെ കരാർ നൽകി, വ്യവസ്ഥ ലംഘിച്ച് എസ്.ആർ.ഐ.ടി ഉപകരാർ നൽകിയത് എന്തുകൊണ്ട്, കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ ഇടപാടിന് യോഗ്യത നേടി എന്നത് ഉൾപ്പെടെ ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്
1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും, സാമ്പത്തികമായും യോഗ്യതയുള്ള ഒ.ഇ.എം [Original Equipment Manufacturer] അല്ലെങ്കിൽ ഒ.ഇ.എം [OEM] ന്റെ അംഗീകൃത വെണ്ടർക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്കർഷിക്കുന്നു . എന്നാൽ എ.ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒ.ഇ.എം/ഒ.എം.എം അംഗീകൃത വെണ്ടർ അല്ലാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ട്?
2) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം "ഡാറ്റ സുരക്ഷ, ഡാറ്റ സമഗ്രത, ഉപകരണങ്ങളുടെ കോൺഫിഗറേഷൻ അടങ്ങുന്ന സുപ്രധാനമായ പ്രവർത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?
3) ഹൈവേകളും, പാലങ്ങളും, അടക്കം പണിയുന്ന എ.ഐ കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന എസ്.ആർ.ഐ.ടി.എല്ലിന്‍റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്.ആർ.ഐ.ടി.എല്ലിനു കരാർ ലഭിക്കാൻ കാർട്ടൽ ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
4) സ്വന്തമായി കരാർ നിർവ്വഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും, ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?
5) കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്.ആർ.ഐ.ടി ഉപകരാരാറായി മറ്റു സ്ഥാപനങ്ങളെ ഏല്പിച്ചുകൊണ്ടു എസ്.ആർ.ഐ.ടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ( കമ്മീഷൻ ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്
6) സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്.ആർ.ഐ.ടി ടെക്നോപാർക്കിലെയും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ ?
7) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്.ആർ.എൽ.ടി ക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ മെയ്ന്‍റനൻസിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
എന്നിങ്ങനെ ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷം സർക്കാരിനോട് ചോദിച്ചത്. പ്രതിപക്ഷ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ലെന്നും കരാർ ഒപ്പിടുന്ന സമയത്ത് കെൽട്രോൺ എം.ഡിയായിരുന്ന ഹേമലത പിന്നീട് ഊരാളുങ്കൽ ടെക്നോളജീസ് വൈസ് പ്രസിഡൻ്റായെന്നും പ്രതിപക്ഷം പറഞ്ഞു. കെൽട്രോൺ നടത്തിയ ഇടപാടുകള്‍ എല്ലാം ഒരേവഴിക്കാണെന്നും മന്ത്രി പ്രഖ്യാപിച്ച അന്വേഷണം തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി കെൽട്രോണിനെ ന്യായീകരിക്കുമ്പോൾ വ്യവസായ സെക്രട്ടറി എന്ത് അന്വേഷണമാണ് നടത്തുകയെന്നും പ്രതിപക്ഷം ചോദിച്ചു.