സമൂഹമാധ്യമങ്ങളിൽ എംവി ജയരാജനും മുകളിൽ; ആകാശ് തില്ലങ്കേരി ചെറിയ മീനല്ല
ഔദ്യോഗികമായി പാർട്ടിയിലില്ലെങ്കിലും ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും ഫേസ്ബുക്ക് പേജുകളിൽ നിറയെ സിപിഎമ്മുമായും ഡിവൈഎഫ്‌ഐയുമായും ബന്ധപ്പെട്ട പോസ്റ്റുകളാണ്
രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറയുന്ന ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കും സമൂഹമാധ്യമങ്ങളിൽ വൻ സ്വാധീനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനേക്കാളും ജില്ലയിൽ നിന്നുള്ള ഏക മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററേക്കാളും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളയാളാണ് ആകാശ് തില്ലങ്കേരി. ചൊവ്വാഴ്ച ഉച്ചവരെ ആകാശിനെ അറുപതിനായിരം പേരാണ് (60,276) ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപത്തിയെട്ടായിരത്തോളം ഫോളോവേഴ്‌സുമുണ്ട്.
സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്ന് കസ്റ്റംസ് വിശേഷിപ്പിക്കുന്ന അർജുൻ ആയങ്കിയെ ഫേസ്ബുക്കിൽ പിന്തുടരുന്നത് 44,663 പേരാണ്. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് എട്ടായിരം പേർ. ഈ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റാണ്.
അതേസമയം, ജില്ലാ സെക്രട്ടറി എംവി ജയരാജനെ പിന്തുടരുന്നത് 46,459 പേർ മാത്രമാണ്. ഡിവൈഎഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിനെ പിന്തുടരുന്നത് വെറും 15,747 പേരും. മുൻ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ജയരാജനാണ് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മുമ്പിൽ. രണ്ടര ലക്ഷത്തിലേറെ (256,151) പേരാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള ജയരാജനെ ഫോളോ ചെയ്യുന്നത്. റെഡ് ആർമിയെന്ന് കഴിഞ്ഞ ദിവസം പേരു മാറ്റിയ പിജെ ആർമി പാർട്ടിക്കുള്ളിൽ ജയരാജന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.
ഔദ്യോഗികമായി പാർട്ടിയിലില്ലെങ്കിലും ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും ഫേസ്ബുക്ക് പേജുകളിൽ നിറയെ സിപിഎമ്മുമായും ഡിവൈഎഫ്‌ഐയുമായും ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഇടതു പ്രവർത്തകരിൽ ഇരുവർക്കും വലിയ സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതാണ് രണ്ടു പേരുടെയും പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത. തന്റെ പ്രവൃത്തികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്വമില്ല എന്നു പറഞ്ഞ് ആകാശ് തില്ലങ്കേരിയിട്ടി പോസ്റ്റ് അഞ്ഞൂറിലേറെ പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ പേർ കമന്റ് ചെയ്യുകയും ചെയ്തു. ഇതിൽ ബഹുഭൂരിപക്ഷവും തില്ലങ്കേരിക്ക് അനുകൂലമായ കമന്റുകളാണ്. ആകാശിന് ഏറ്റവും ഒടുവിൽ പിന്തുണയുമായി എത്തിയത് രശ്മി ആർ നായരാണ്. 'മാധ്യമഗുണ്ടകൾ പറയുന്നു എന്നതല്ലാതെ ആകാശ് തില്ലങ്കേരി ഏതു കേസിലാണ് പ്രതി ആയത്? അയാളിനി ഏതു രാഷ്ട്രീയത്തിന്റെ ആളായാലും മാധ്യമ മാഫിയയെ അങ്ങനെയങ്ങു വകവച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല' എന്നാണ് തില്ലങ്കേരിയെ ടാഗ് ചെയ്തുള്ള രശ്മി നായരുടെ കുറിപ്പ്.
നേരത്തെ, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സിപിഎം ജില്ലയിൽ നടത്തിയ റാലി ആകാശ് ഫേസ്ബുക്കിൽ ലൈവിട്ടിരുന്നു. ഷുഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്തുള്ള തില്ലങ്കേരി ഇപ്പോൾ ജാമ്യത്തിലാണ്. ആകാശും കേസിലെ മറ്റൊരു പ്രതിയായ രജിൻ രാജും ഒളിവിൽ കഴിഞ്ഞിരുന്നത് സിപിഎം പാർട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിലായിരുന്നു. ആകാശ് പാർട്ടി അംഗമാണെന്ന് അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് താൻ എന്ന അർജ്ജുൻ ആയങ്കിയുടെ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത് ഇരുനൂറിലേറെ പേരാണ്. ആറായിരത്തോളം പേർ പോസ്റ്റിന് ലൈക്ക് ചെയ്യുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അർജ്ജുൻ ആയങ്കി. ഇയാൾ ഉപയോഗിച്ച കാർ ചെമ്പിലോട് ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിന്റേതാണ്. സജേഷിനെ കണ്ണൂർ ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
തള്ളിപ്പറഞ്ഞ് സിപിഎം
അതിനിടെ ആരോപണ വിധേയരായ ആകാശിനെയും അർജുനെയും സിപിഎം ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രചാരവേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ജില്ലാ സെക്രട്ടറി എംവി ജയരാജൻ വ്യക്തമാക്കിയിരുന്നത്.
'ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും മാത്രമല്ല ക്വട്ടേഷൻ അംഗങ്ങളായ മറ്റ് പലരുടെയും പേരുകളും പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് സാലിഹ് മർവാൻ, മുഹമ്മദലി, സൈനുദ്ദീൻ,അഫ്താബ്, പ്രണവ്, ലിനീഷ്, ടുട്ടു എന്ന് വിളിക്കുന്ന ഷിജിൻ എന്നിവരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. ഇവരിൽ പലരും സ്വർണ്ണക്കടത്ത് വാഹകരോ തട്ടിക്കൊണ്ടുപോകലുകാരോ ആണ്. ക്വട്ടേഷൻ ഗുണ്ടകൾക്ക് രാഷ്ട്രീയമില്ല, അവരെ എല്ലാവരെയും സമൂഹം തള്ളിപ്പറയണം. സിപിഎമ്മിന്റെ നവമാധ്യമ പ്രചാര വേല ആകാശ് തില്ലങ്കേരിയെയോ പ്രണവിനെയോ ഏൽപ്പിച്ചിട്ടില്ല. അവർ നടത്തുന്നത് ക്വട്ടേഷൻ ആണ്. സമൂഹത്തിൽ മാന്യത കിട്ടാനാവും ഇവർ സൈബർ ഇടത്ത് സിപിഎം പ്രചാരകരാകുന്നത്. ഇതിന് പിന്നിൽ ചതിയും വഞ്ചനയും ഒളിഞ്ഞിരിപ്പുണ്ട്' - ജയരാജൻ പറഞ്ഞു.
ബുദ്ധികേന്ദ്രം അർജുനെന്ന് കസ്റ്റംസ്
സ്വർണക്കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയാണ് എന്നാണ് കസ്റ്റംസ് പറയുന്നത്. വാട്‌സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു.
കടംവാങ്ങിയ 15,000 രൂപ ഷെഫീക്കിന്റെ കൈയിൽ നിന്നും വാങ്ങാനാണ് കരിപ്പൂർ വിമാനത്താവളത്തിൽ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാൽ ഇത് കെട്ടിച്ചമച്ച കഥയാണ്. ഒരുതരത്തിലുള്ള വരുമാനവും ഇല്ലാതിരുന്നിട്ടും ആഡംബര ജീവിതമായിരുന്നു ആയങ്കിയുടേത്. സ്വർണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി ആയങ്കിക്ക് ബന്ധമുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും കസ്റ്റംസ് പറയുന്നു.
എന്നാൽ കസ്റ്റംസിന്റെ വാദങ്ങൾ അർജുൻ ആയങ്കി നിഷേധിച്ചു. അർജുന്റെ നാട്ടുകാരനും സുഹൃത്തുമായ റമീസിന് ഷഫീഖ് പതിനയ്യായിരം രൂപ ഷഫീഖ് നൽകാനുണ്ടെന്നും ഇത് തിരികെ വാങ്ങാനാണ് താൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് അർജുന്റെ വാദം.