ആലപ്പുഴ കളർകോട് വാഹനാപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്
കേസ് സ്വാഭാവിക നടപടിയാണെന്നും തുടരന്വേഷണത്തിൽ ഒഴിവാക്കപ്പെടുമെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. അലക്ഷ്യമായി വാഹനമോടിച്ചുവെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. അപകടമരണങ്ങളിലെ പ്രാഥമിക റിപ്പോർട്ടിൽ ഡ്രൈവർ പ്രതിചേർക്കപ്പെടും. തുടരന്വേഷണത്തിൽ പിന്നീട് ഒഴിവാക്കപ്പെടുമെന്നും ആലപ്പുഴ സൗത്ത് എസ്എച്ച്ഒ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുവിദ്യാർഥികൾ ചികിത്സയിലാണ്.