'ലഹരിക്ക് പുറമെ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും'; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്‍ലീമ സുൽത്താനയുടെ ഫോണിൽ നിര്‍ണായക വിവരങ്ങൾ
പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകി
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതി തസ്‍ലീമ സുൽത്താനയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകി . ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകൾ ലഭിച്ചു.
കേസിലെ ഒന്നാം പ്രതി സുൽത്താനയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിലെ പ്രാഥമിക വിവരങ്ങൾ ആണ് പുറത്തുവരുന്നത്. ലഹരി ഇടപാടുകൾക്ക് പുറമേ സിനിമാ മേഖലയിലെ ഉന്നതരുമായി പെൺവാണിഭത്തിന് ഇടനിലക്കാരിയായി തസ്‍ലിമ പ്രവർത്തിച്ചു. ഒരു പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകി വില പറഞ്ഞതിന്‍റെ തെളിവുകളും എക്സൈസിന് ലഭിച്ചു. കേസിൽ എക്സൈസിന്‍റെ ഇന്‍റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്നു കഞ്ചാവ് എങ്ങനെ ഇന്ത്യയിലെത്തിച്ചുവെന്നും വിദേശത്തേക്കു നടത്തിയ സാമ്പത്തിക ഇടപാടു കളുടെ വിവരങ്ങളുമാണ് ഇൻ്റലിജൻസ് വിഭാഗം പരിശോധിക്കുന്നത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായ തസ്‍ലിമയും ഫിറോസും നിലവിൽ റിമാൻഡിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് എക്സൈസിന്‍റെ നീക്കം.