കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം; വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം
കണ്ണൂര്‍ ആറളം ഫാമിലാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടികൊന്നത്


കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട കണ്ണൂർ ആറളം ഫാമിൽ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. രാവിലെ ജില്ലാ കളക്ടറും ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രതിഷേധത്തിനൊടുവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ദമ്പതികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. കാട്ടാനയാക്രണണത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ആറളം ഫാമിലാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടികൊന്നത്. കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലായിരുന്നു സംഭവം. ഇന്നലെ രാവിലെയായിരുന്നു ദമ്പതികള്‍ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.