തെരഞ്ഞെടുപ്പ് വീഴ്ച; ആരോപണത്തില്‍ കഴമ്പില്ലെന്ന് സുധാകരൻ, പരാതി ആവര്‍ത്തിച്ച് സലാം

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എം ആരിഫ് ഇന്ന് കമ്മീഷന് മൊഴി നൽകും. അമ്പലപ്പുഴയിലെ പ്രാദേശിക സി.പി.എം നേതാക്കളിൽ നിന്നുള്ള വിവരങ്ങളും ഇന്ന് ശേഖരിക്കുന്നുണ്ട്.

Update: 2021-07-25 02:02 GMT
Advertising

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സി.പി.എം അന്വേഷണ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എം ആരിഫ് ഇന്ന് കമ്മീഷന് മൊഴി നൽകും. അമ്പലപ്പുഴയിലെ പ്രാദേശിക സി.പി.എം നേതാക്കളിൽ നിന്നുള്ള വിവരങ്ങളും ഇന്ന് ശേഖരിക്കുന്നുണ്ട്. ഏരിയാ, ലോക്കൽ കമ്മിറ്റി നേതാക്കളോട് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. വിവിധ കമ്മിറ്റികളിലെ മിനിറ്റ്സിലുള്ള വിവരങ്ങളും ശേഖരിക്കുമെന്നാണ് വിവരം. ആരോപണ വിധേയനായ ജി.സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എം.എൽ.എ എച്ച് സലാമും ഇന്നലെ കമ്മീഷന് മുന്നിൽ ഹാജരായിരുന്നു. പരാതികളിൽ കഴമ്പില്ലെന്ന് ജി സുധാകരൻ ധരിപ്പിച്ചപ്പോൾ എച്ച് സലാം സുധാകരനെതിരായ ആരോപണങ്ങൾ ആവർത്തിച്ചു. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ജി.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത് വീഴ്ചയുണ്ടായെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന പൊതുവികാരം. അത് ജി സുധാകരനെതിരായ പേരെടുത്തു പറഞ്ഞുള്ള വിമർശനത്തിലേക്ക് നീണ്ടു. തുടര്‍ന്നാണ് ജി സുധാകരനെതിരെ സിപിഎം അന്വേഷണത്തിന് തയ്യാറായത്.

സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ സുധാകരനെതിരെ പരസ്യ വിമർശനമുണ്ടായിരുന്നില്ല. എന്നാൽ, ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.  ഇതിനുപിന്നാലെ ചേര്‍ന്ന സംസ്ഥാന സമിതിയിലും സുധാകരനെതിരെ വിമർശനമുയർന്നു. തുടര്‍ന്നാണ് സുധാകരനെതിരെ സിപിഎം അന്വേഷണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായതായി തെളിഞ്ഞാൽ സുധാകരനെതിരെ കടുത്ത നടപടിയുണ്ടാകും. തെരഞ്ഞെടുപ്പ് സമയത്ത് കുറ്റ്യാടിയില്‍ നടന്ന വിമത പ്രകടനങ്ങളുടെ പേരില്‍ എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സി.പി.എം നടപടി സ്വീകരിച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News