അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല, അടിയന്തര നടപടിയെടുക്കണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉർവശി
ആരോപണം നേരിടുന്നവർ സ്വയം മാറിനിൽക്കുന്നതാണ് പക്വതയെന്നും ഉർവശി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർത്ത് അംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കണെന്നും ഉർവശി ആവശ്യപ്പെട്ടു. തനിക്കെതിരെ അനാവശ്യ നോട്ടങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും ഉർവശി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുത്. ബംഗാളി നടി പറഞ്ഞിരിക്കുന്ന ആരോപങ്ങൾ ഞെട്ടിക്കുന്നതാണ്. അവർ അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും?. ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പോഴെ പേടിയാകും. ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വ്യക്തിയെ കുറിച്ച് ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉയർന്നുവന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ആ വ്യക്തി ആയിരിക്കണം. മാറി നിന്നതിന് ശേഷം അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത.
അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല. ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാനാണെങ്കിൽ അവർക്ക് കാര്യങ്ങൾ പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നില്ലേ? ഇത് അങ്ങനെയല്ല. ആ സ്ത്രീകൾക്കൊപ്പം ഞാൻ എന്നുമുണ്ട്. വിഷയത്തിൽ സർക്കാറിനേക്കാൾ മുമ്പ് നിലപാടെടുക്കേണ്ടത് അമ്മയാണ്. ഉർവശി പ്രതികരിച്ചു.
അമ്മയിലെ ആയുഷ്കാല മെമ്പർ എന്ന നിലയിൽ സംഘടന ഇടപെടണം. ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയിൽ അങ്ങനെയെ അദ്ദേഹത്തിന് പറയാൻ സാധിക്കൂ. എന്നാൽ ഇനിയങ്ങോട്ട് അങ്ങനെയാവാൻ പാടില്ല. പഠിക്കാം, നടപടിയെടുക്കാം, പിന്നീട് പ്രതികരിക്കാം എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വിഷയത്തിൽ അമ്മയക്ക് വ്യക്തമായ നിലപാട് വേണം. ഉർവശി ആവശ്യപ്പെട്ടു.