'സിനിമാ ചിത്രീകരണത്തിനിടെ ഒരു നടൻ മോശമായി പെരുമാറി': നടി വിൻസി അലോഷ്യസ്
ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ടെന്നും വെള്ളപ്പൊടി തുപ്പുന്നത് കണ്ടെന്നും നടി പറഞ്ഞു.


കൊച്ചി: ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം അഭിനയിക്കില്ലെന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിൽ ഉള്ളവർ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് അറിയാമെന്നും സിനിമാ ചിത്രീകരണത്തിനിടെ ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്നും വിൻസി പറഞ്ഞു.
ഡ്രസ് മാറാൻ പോകുമ്പോൾ അയാൾക്കും കൂടെ വരണമെന്ന് പറഞ്ഞു. ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ടെന്നും വെള്ളപ്പൊടി തുപ്പുന്നത് കണ്ടെന്നും നടി പറഞ്ഞു. സഹപ്രവർത്തകർ പറഞ്ഞതിനാലാണ് സിനിമ പൂർത്തിയാക്കിയതെന്നും വിൻസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം ലഹരി വിരുദ്ധ പരിപാടിക്കിടെയാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് വിൻസി വ്യക്തമാക്കിയത്. വീഡിയോയ്ക്ക് വന്ന കമന്റുകൾക്ക് മറുപടിയായാണ് വിൻസി ഇൻസ്റ്റഗ്രാമിൽ നിലപാട് വ്യക്തമാക്കിയത്.