മാന്നാറിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്നത് മകൻ; കുറ്റം സമ്മതിച്ചു
സ്ഥലം എഴുതി നൽകാത്തത് പ്രകോപനമായി


ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന് മകൻ. ചെന്നിത്തല കോട്ടമുറിയിൽ 92 കാരൻ രാഘവനെയും ഭാര്യ ഭാരതിയെയുമാണ് വീടിന് തീയിട്ട് ചുട്ടുകൊന്നത്. സ്വത്ത് എഴുതി നൽകാത്തതിന്‍റെ പക കാരണമാണ് ക്രൂരകൃത്യം ചെയ്തതെന്ന് മകൻ വിജയൻ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.
പുലർച്ചെ മൂന്നരയോടെ തീ ആളിപ്പടരുന്നത് കണ്ട ഒരു ഓട്ടോക്കാരനാണ് നാട്ടുകാരെയും ബന്ധുക്കളെയും കൂട്ടി തീയണക്കാൻ ശ്രമിച്ചു. അപ്പോഴേക്കും രാഘവനും ഭാരതിയും ഏതാണ്ട് പൂർണമായും അഗ്നിക്കിരയായിരുന്നു. ടിൻ ഷീറ്റിനാൽ മറച്ച രണ്ട് മുറി മാത്രമുള്ള ചെറിയ വീടും കത്തിയമർന്നു. വൃദ്ധരായ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മകൻ 60 കാരൻ വിജയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
സ്വത്തിന് വേണ്ടി മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചിരുന്ന മകൻ വിജയൻ ഇവരെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് വിജയനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. നാളെയാണ് സംസ്കാരം.