ഇടുക്കിയിൽ വീണ്ടും കാട്ടാനയാക്രമണം; രണ്ടേക്കർ കൃഷി നശിപ്പിച്ചു
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്.
ഇടുക്കി: അടിമാലിക്ക് സമീപം മാങ്കുളം വിരിപാറയിൽ കാട്ടാനയുടെ ആക്രമണം. രണ്ടേക്കർ കൃഷി ആന നശിപ്പിച്ചു. കൃഷി ആവശ്യത്തിനായി ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ്ഡും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
ഇടുക്കിയിൽ ഏറ്റവുമധികം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് അടിമാലി മാങ്കുളം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവിടുത്തെ തോമസ് ആന്റണിയെന്നയാളുടെ ഏലത്തോട്ടത്തിലാണ് കയറിയത്. കാർഷികാവശ്യങ്ങൾക്കായി ഉപകരണങ്ങൾ ഷെഡ്ഡും തകർക്കുകയായിരുന്നു.
കാട്ടാന ശല്യം ചെറുക്കാൻ ഫെൻസിങ് സംവിധാനങ്ങളടക്കം ഒരുക്കണമെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയും പകലും കാട്ടാനകളുടെ ശല്യമാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും തീ കൂട്ടിയും ചെണ്ട കൊട്ടിയും കാട്ടാനകളെ അകറ്റുകയാണ് ഇവർ ചെയ്യുന്നത്. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനകൾ മേഖലയിൽ തമ്പടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തത്.