പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക വിതരണം ചെയ്തു
അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കി
Update: 2025-03-29 12:43 GMT


കോഴിക്കോട്: പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച്ച. സർവേ വകുപ്പിലെ സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക വിതരണം ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കി.
ആറുമാസം കൂടുമ്പോൾ വകുപ്പ് തല പരീക്ഷ നടത്തേണ്ടതാണ്. എന്നാൽ രണ്ടുവർഷത്തിന് ശേഷമാണ് ഇന്ന് പരീക്ഷ നടത്തിയത്. പരീക്ഷ വൈകുന്നതോടെ നിരവധി പേർക്ക് പ്രമോഷൻ സാധ്യത നഷ്ടപ്പെടും എന്ന ആശങ്കയിലാണ് ജീവനക്കാർ. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവർ അച്ചടിക്കാൻ നൽകിയപ്പോൾ പ്രസ്സിൽ നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പിഎസ്സിയുടെ പ്രാഥമിക വിലയിരുത്തൽ.