പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണം
രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയാലും 50000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും കോടതി അറിയിച്ചു. സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.23ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.
അതേസമയം, സുധാകരന് എതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുധാകരനെതിരായ രഹസ്യമൊഴി കോടതിക്ക് കൈമാറി. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഡി.ജി.പി അനിൽ കാന്ത്, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, മനോജ് എബ്രഹാം എന്നിവർ മോൺസനൊപ്പമുള്ള ഫോട്ടോകൾ സുധാകരൻ കോടതിക്ക് കൈമാറി. 23 ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ അറിയിച്ചു.