പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മൺ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ക്രൈം ബ്രാഞ്ചിന് മുന്നിലും ലക്ഷമൺ ഹാജരായില്ല.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മൺ ഇന്ന് ചോദ്യം ചെയ്യലിനു ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്നു പത്ത് മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്താനായിരുന്നു നോട്ടീസ് നൽകിയിരുന്നത്. ചികിത്സയിലാണെന്നു കാരണം കാണിച്ചു കൊണ്ടാണ് ഹാജരാകില്ലെന്നാണ് അറിയിച്ചത്. നേരത്തെ ക്രൈം ബ്രാഞ്ചിന് മുന്നിലും ലക്ഷമൺ ഹാജരായില്ല. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മൺ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങൾ പുറത്തു വന്നിരുന്നു. കേസിൽ ഐജി ലക്ഷ്മണയ്ക്കു പുറമേ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡി.ഐ.ജി എസ് സുരേന്ദ്രൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18 ന് സുധാകരനെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. നേരത്തെ ക്രൈം ബ്രാഞ്ചിനു മുന്നിൽ സുധാകരൻ എത്തുകയും കേസിൽ സഹകരിക്കുകയും ചെയ്തിരുന്നു.