കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവം: അനുപമ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി
ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിലാണ് സമരം
തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തില്‍ അനുപമയും അജിത്തും വീണ്ടും സമരത്തില്‍. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല രാപ്പകൽ സമരം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സിഡബ്ല്യുസി അധ്യക്ഷയെയും മാറ്റണമെന്നാണ് ആവശ്യം. കുഞ്ഞിനെ തിരികെ കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അനുപമ ആവശ്യപ്പെടുന്നു.
കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വകുപ്പ് തല അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ഇതിൽ തൃപ്തിയില്ല. ആരോപണ വിധേയർ സ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം അട്ടിമറക്കാനുള്ള സാധ്യതയുണ്ടെന്നും അനുപമ പറഞ്ഞു. ഷിജുഖാൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും അതേസ്ഥാനത്തുണ്ട്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ളതെല്ലാം കണ്ണിൽ പൊടിയിടാനുള്ളതു മാത്രമാണ്. ഷിജു ഖാൻ ഉൾപ്പെടെയുള്ളവരെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ദത്ത് വിവാദത്തിൽ സി.പി.എമ്മിന്‍റെ പാർട്ടിതല അന്വേഷണനവും നിലവിൽ നടക്കുന്നുണ്ട്. നേരത്തെ നടപടി ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്തിരുന്നു.
അനുപമയുടെ കുടുംബമാണ് കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്ക് നല്‍കിയത്. ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്തുനല്‍കിയത്. ദത്തെടുത്തവര്‍ തന്‍റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ടെന്ന് അനുപമ പറഞ്ഞു. ഇന്ന് അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഇതിന് ഉത്തരവാദികളായവര്‍ ചിന്തിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു.