നീതി തേടി അനുപമ; നിരാഹാരസമരം തുടങ്ങി

പൊലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമല്ല. നാളെ വേറൊരു കുഞ്ഞിനും അമ്മയ്ക്കും ഈ അവസ്ഥ വരാം.'' അനുപമ മാധ്യമങ്ങളോട് പറഞ്ഞു

Update: 2021-10-23 07:29 GMT
Editor : Shaheer | By : Web Desk
Advertising

നൊന്തുപെറ്റ കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നടപടിയാണ് വേണ്ടതെന്നും സമരവേദിയിൽ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

''ഞങ്ങൾക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടുമില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമല്ല. നാളെ വേറൊരു കുഞ്ഞിനും അമ്മയ്ക്കും ഈ അവസ്ഥ വരാം.'' അനുപമ പറഞ്ഞു.

കുഞ്ഞിന്റെ സുരക്ഷ ബന്ധപ്പെട്ടവർ നോക്കണമായിരുന്നു. എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ എന്നെ പ്രതിചേർത്തിട്ടാണെങ്കിലും അവർക്ക് അന്വേഷിക്കാമായിരുന്നു. എന്നാൽ, ആറു മാസമായിട്ടും ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ല. ഇതേക്കുറിച്ച് വകുപ്പുതലത്തിൽ റിപ്പോർട്ട് ചോദിച്ചതുകൊണ്ടായില്ല. അവർക്കെതിരെ നടപടിയുമെടുക്കണം. വിഷയം സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും ശ്രദ്ധയിൽ വരണം. അതിനാണ് ഈ സമരം. എല്ലാവരും എനിക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു. രാവിലെ മന്ത്രി വീണാ ജോർജ് വിളിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അനുപമ പറഞ്ഞു. അതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പുനൽകി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം തനിക്ക് മനസിലാകും. അനുപമയ്‌ക്കൊപ്പമാണ് സർക്കാരുള്ളതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കേസിൽ കഴിഞ്ഞ ദിവസം തന്നെ മന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പുതല നടപടിയുണ്ടാകും. കുട്ടിയെ ദത്ത് നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ മന്ത്രി പരസ്യമായി തുറന്നുപറഞ്ഞിരുന്നു.

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവും തൊട്ടുമുൻപ് അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണ്. കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News