'പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹ സമ്മാനം'; അഷ്‌റഫ് എംഎല്‍എക്ക് കത്തയച്ച് അർജുന്റെ അമ്മ
കത്ത് മലയാളിയുടെ സ്നേഹത്തിന്റെ അടയാളമാണെന്ന് എ.കെ.എം അഷ്റഫ്


കാസർകോഡ്: എ.കെ.എം അഷ്റഫ് എംഎൽഎയ്ക്ക് ഇത്തവണ കിട്ടിയ പെരുന്നാൾ സമ്മാനം ഏറെ പ്രത്യേകതയുള്ളതാണ്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീലയാണ് സമ്മാനം നൽകിയത്. ഷിരൂർ ദൗത്യത്തിൽ താങ്ങായും തണലായും നിന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ള കത്ത് മലയാളിയുടെ സ്നേഹത്തിന്റെ അടയാളമാണെന്ന് എ.കെ.എം അഷ്റഫ് പറഞ്ഞു.
കർണാടക ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ അർജുന് വേണ്ടിയുള്ള തിരച്ചിലിൻ്റെ ആദ്യ നാൾ മുതൽ മഞ്ചേശ്വരം എം.എ.എ എ.കെ.എം അഷ്റഫ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സ്വയം ഏറ്റെടുത്ത് സ്ഥലത്തുണ്ടായിരുന്നു. ഒടുവിൽ കാർവാർ മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക ആംബുലൻസിൽ അർജുൻൻ്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരുമ്പോഴും അദ്ദേഹം കൂടെത്തന്നെ ഉണ്ടായിരുന്നു.
അര്‍ജുന്‍റെ അമ്മ അയച്ച കത്ത് എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹ സമ്മാനമാണിതെന്നു പറഞ്ഞായിരുന്നു ചിത്രം പങ്കുവെച്ചത്.
എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
'ഈ പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹ സമ്മാനമാണിത്.എന്റെ പ്രിയപ്പെട്ട അനുജൻ അർജ്ജുന്റെ അമ്മ എഴുതിയത്.
“ആ കണ്ണീർ മഴക്കാലത്തിന്റെ ഒാർമകളിൽ അമ്മ എന്നെയും ചേർത്തുവെച്ചിട്ടുണ്ട്.
എനിക്കും ആ കാലം മറക്കാനാവില്ല.
പ്രിയപ്പെട്ട അമ്മേ,
നിങ്ങൾ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും.
തോരാമഴ പെയ്ത, കണ്ണീർ മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസ്സിലുണ്ട്.“
ആ ഓർമകൾക്ക് മരണമില്ല.
എന്നെക്കുറിച്ച് എഴുതിയ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി...'