അർജുന്റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, പണപ്പിരിവ് നടത്തിയിട്ടില്ല, വൈകാരികത കൊണ്ടുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നു; മനാഫ്

അർജുൻ്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു

Update: 2024-10-03 12:05 GMT
Advertising

കോഴിക്കോട്: അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്ന് ലോറി ഉടമ മനാഫ്. അവിചാരിതമായാണ് വിവാദം ഉണ്ടായതെന്നും അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും മനാഫ് പറഞ്ഞു.  ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ലെന്നും തന്റെ വ്യക്തിത്വം അങ്ങനെ ആണെന്നും മനാഫ് പറഞ്ഞു. ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടതെന്നും  ഇത് തുടർന്നു പോകാൻ താൽപര്യമില്ലെന്നും മനാഫ് പറഞ്ഞു. 

പണപിരിവ് നടത്താൻ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താൻ. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകർ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോൾ അവർ നിർബന്ധിക്കുകയും തുടർന്ന് അർജുൻ്റെ മകന് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അർജുന്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാൽ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ താൻ ആ തുക വാങ്ങിയില്ല. മനാഫ് പറഞ്ഞു. അർജുൻ്റെ കുടുംബത്തിന് അതിൽ വേദനയുണ്ടായെങ്കിൽ മാപ്പ് പറയുന്നുതായും അദ്ദേഹം പറഞ്ഞു. 

ജനങ്ങളിലേക്ക് വിഷയങ്ങൾ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അർജുൻ്റെ ഫോട്ടോ ചാനലിന്റെ പ്രഫൈലായി വെച്ചിരുന്നു. അത് മാറ്റിയിട്ടുണ്ട്. തൻ്റെ യുട്യൂബ് ചാനൽ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ തർക്കത്തിലേക്ക് കൊണ്ട് പോകരുത്. മനാഫ് അഭ്യർഥിച്ചു. 

താൻ നാടകം കളിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു. വൈകാരികമായി പെരുമാറേണ്ടി വന്നിട്ടുണ്ട്. അത് ചിലവർക്ക് നാടകമായി തോന്നിയതാകാം. ആക്ഷൻ കമ്മറ്റിയുടെ രൂപീകരണം അർജുൻ്റെ കുടുംബത്തെ അറിയിച്ചിരുന്നതാണ്. കമ്മറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അർജുൻ്റെ കുടുംബവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ ഈ ഗ്രൂപ്പിൽ നിന്ന് ഒഴിവായി. ഇവരെ കൂടാതെ എല്ലാ വിഭാഗം ആളുകളും ആക്ഷൻ കമ്മറ്റിയുടെ ഭാഗമായിരുന്നു. 

അർജുൻ്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും അവർക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകാരികമായി സംസാരിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് വണ്ടിക്ക് അർജുൻ്റെ പേര് നൽകും എന്ന് പറഞ്ഞത്. കുടുംബത്തിന് താൽപര്യം ഇല്ലെങ്കിൽ തൻ്റെ വാഹനത്തിന് ആ പേരിടുന്നില്ല.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News