'ഒരു ട്രേഡ് യൂണിയൻ നേതാവ് സംസാരിക്കേണ്ടത് ഇങ്ങനെയാണോ?'; എളമരം കരീമിനെതിരെ ആശമാർ
'സർക്കാരിന് കാശില്ലെന്നാണ് വാദം. ഇവിടുത്തെ മുതലാളിമാരുടെ കൈയിൽനിന്ന് പിരിച്ചെടുക്കാനുള്ള നികുതി 28,000 കോടി രൂപയാണ്'.


തിരുവനനന്തപുരം: സർക്കാരിനോട് ഓണറേറിയം ആവശ്യപ്പെടില്ലെന്ന സിഐടിയു നേതാവ് എളമരം കരീമിന്റെ പ്രസ്താവനയ്ക്കെതിരെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഓണറേറിയം വർധനയല്ലാതെ എന്താണ് ഇവർ ചർച്ചയിൽ ആവശ്യപ്പെടാൻ പോകുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു ചോദിച്ചു.
ഒരു ട്രേഡ് യൂണിയൻ നേതാവ് സംസാരിക്കേണ്ടത് ഇങ്ങനെയാണോ?. സർക്കാരിന് കാശില്ലെന്ന വാദമാണ് അവരുന്നയിക്കുന്നത്. ഇവിടുത്തെ മുതലാളിമാരുടെ കൈയിൽനിന്ന് പിരിച്ചെടുക്കാനുള്ള നികുതി 28,000 കോടി രൂപയാണെന്നും സമരം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു ചർച്ചയായിരിക്കണം നടക്കേണ്ടതെന്നും ബിന്ദു വ്യക്തമാക്കി.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരത്തിൽ മൂന്നാം ഘട്ട മന്ത്രിതല ചർച്ച ആരംഭിച്ചു. ഓണറേറിയം വർധന, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കൂടാതെ ട്രേഡ് യൂണിയൻ നേതാക്കളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ സമരം തുടരുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു. എത്ര പെരുമഴയും പൊരിവെയിലും കൊണ്ടാലും എന്തൊക്കെ യാതനകൾ സഹിക്കേണ്ടിവന്നാലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട ശേഷമേ തിരിച്ചുപോവൂ എന്നും അവർ വ്യക്തമാക്കി.
നാല് പേരാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുക. വി കെ സദാനന്ദൻ, എം.എ ബിന്ദു, എസ്. മിനി, കെ.പി റോസമ്മ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ഓണറേറിയം വർധന ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് സിഐടിയു ഉള്ളത്.