വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരോളിന് ശ്രമം; ഉത്ര വധക്കേസ് പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല ജാമ്യം

അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിന്റെ അച്ഛന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്

Update: 2024-12-31 10:35 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ഉത്ര വധക്കേസിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി പരോളിന് ശ്രമിച്ചെന്ന കേസിൽ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം. പൂജപ്പുര ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ എടുത്ത കേസിലാണ് ജാമ്യം. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടി. മെഡിക്കൽ സർട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുക തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു. 

അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിന്റെ അച്ഛന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ ജയിൽ അധികൃതർ സർട്ടിഫിക്കറ്റ് നൽകിയഡോക്‌ടറോട് കാര്യങ്ങൾ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്‌ടർ അറിയിച്ചു.

രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പൊലീസിൽ പരാതി നൽകുകയായിരുന്നു. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവരെയും കണ്ടെത്തും. പരോൾ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നൽകുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു. 

ഭാര്യയായ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2021 ഒക്ടോബർ 13നാണ് കോടതി സൂരജിന് 17 വർഷം തടവും ശേഷം കഠിന തടവും വിധിച്ചത്. പരോളിന് നേരത്തെ സൂരജ് നൽകിയ അപേക്ഷ തള്ളിയിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News