യുവാവിന് കുട്ടിയെ കാണിച്ച് കൊടുക്കണമെന്ന കോടതി നിർദേശവുമായെത്തിയ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റശ്രമം
നേരത്തെ മൂന്നു തവണ കുട്ടിയെ കാണിച്ചുകൊടുക്കണമെന്ന് നിർദേശം പെൺവീട്ടുകാർ അനുസരിച്ചിരുന്നില്ല
പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതി നിർദേശം നൽകാനെത്തിയ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റശ്രമം. യുവാവിന് കുട്ടിയെ കാണിച്ച് കൊടുക്കണമെന്ന നിർദ്ദേശം പെൺവീട്ടുകാർക്ക് കൈമാറാൻ എത്തിയപ്പോഴാണ് പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ആക്രമിക്കാൻ ശ്രമം നടന്നത്. പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് പാലാ കുടുംബ കോടതിയിൽ നടക്കുന്നുണ്ട്. ഇതിനിടെ ഭർത്താവ് കുട്ടിയെ കാണണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അതിന് അനുമതി നൽകിയ കോടതിയുടെ നിർദേശം വീട്ടിൽ പതിക്കാനെത്തിയ ജീവനക്കാരിയെ പെൺവീട്ടുകാർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
നേരത്തെ മൂന്നു തവണ കുട്ടിയെ കാണിച്ചുകൊടുക്കണമെന്ന് നിർദേശം പെൺവീട്ടുകാർ അനുസരിച്ചിരുന്നില്ല. തുടർന്നാണ് കോടതി ജീവനക്കാരിയെ പറഞ്ഞയച്ചത്. എന്നാൽ സ്ഥലത്തെത്തിയ ജീവനക്കാരിയെ പെൺകുട്ടിയുടെ അച്ഛൻ ജെയിംസും സഹോദരൻ നിഹാലും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ജെയിംസ് ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും ശ്രമിച്ചു.